കണ്ണൂർ: അമേരിക്കയിൽ നിന്നും പോസ്റ്റ് മോഡേൺ പരിശീലനം നേടിയവരാണ് ഇന്ത്യയിലെ സിപിഎമ്മിനെ തകർക്കാൻ ശ്രമിക്കുന്നത് എന്ന് ഇ.പി ജയരാജൻ. ഇത് തിരിച്ചറിയാൻ പാർട്ടിയിലെ സഖാക്കൾക്ക് കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണപുരത്ത് സിപിഎം പാപ്പിനിശ്ശേരി ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്കൻ യൂണിവേഴ്‌സിറ്റിയിൽ നിന്നും പോസ്റ്റ് മോഡേൺ എന്ന പേരിൽ പ്രത്യേക പരിശീലനം നൽകിയവരെ സിപിഎമ്മിനെ തകർക്കാൻ ഇന്ത്യയിലേക്ക് അയക്കുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിലായി ഇക്കൂട്ടർ പ്രവർത്തനം വ്യാപിപ്പിക്കുകയാണ്. ഇടത്പക്ഷത്തിനെതിരെ തെറ്റായ പ്രചാരണം നടത്തുകയാണ് ഇവരുടെ രീതി. ഇതിനായി മാദ്ധ്യമങ്ങളെ കൂട്ടുപിടിയ്ക്കുന്നു. പണം നൽകി ഉപയോഗിക്കുന്നു. ഇത് തിരിച്ചറിയാൻ പലപ്പോഴും നമ്മുടെ സഖാക്കന്മാർക്ക് കഴിയുന്നില്ലെന്നും ഇപി പറഞ്ഞു.
നേതൃത്വത്തിനെതിരെ ആക്രമണം അഴിച്ചുവിട്ട് പാർട്ടിയെ തകർക്കാൻ ഒരു വിഭാഗം ശ്രമിക്കുന്നു. ഈ രീതി പ്രയോഗിച്ചാണ് ലോകത്തിന്റെ പലഭാഗങ്ങളിലും ഇത്തരം ശക്തികൾ കമ്യൂണിസ്റ്റ് പാർട്ടികളെ തകർത്തത്. ഇതിനെയെല്ലാം പ്രതിരോധിക്കണം. ഇതിനായി ഉണർന്ന് പ്രവർത്തിക്കണം. പാർട്ടിയ്ക്കുള്ളിൽ വിമർശനങ്ങൾ ആകാം. ഇത് എല്ലായ്‌പ്പോഴും നല്ലതാണ്. എന്നാൽ ഇതിന്റെ പേരിൽ തെറ്റായ വാർത്തകൾ ഉണ്ടാക്കി പ്രചരിപ്പിച്ചാൽ അത് വിപരീത ഗുണം ചെയ്യും. അതാണ് നടക്കുന്നത്. ഇത് പ്രതിരോധിക്കാൻ നമുക്ക് തന്നെ കഴിയണം. സഖാക്കൾ തമ്മിൽ മാനസിക ഐക്യവും പൊരുത്തവും ഉണ്ടാകണമെന്നും ജയരാജൻ ആവശ്യപ്പെട്ടു.
Discussion about this post