ഇസ്ലാമാബാദ്: ഭീകരവാദം കൊണ്ടും സാമൂഹിക പ്രശ്‌നങ്ങൾ കൊണ്ടും അടിയ്ക്കടി ആഗോള ശ്രദ്ധ പിടിച്ച് പറ്റുന്ന രാജ്യമാണ് പാകിസ്താൻ. അടുത്തിടെ പാകിസ്താനിൽ ഉണ്ടായ വിലക്കയറ്റവും അതിന്റെ പേരിൽ ജനങ്ങൾ തെരുവിൽ ഇറങ്ങിയതുമെല്ലാം വലിയ വാർത്ത ആയിരുന്നു. മാറി മാറി വരുന്ന സർക്കാരുകൾക്കൊന്നും തന്നെ ഇവരുടെ പ്രശ്‌നത്തിന് പരിഹാരം കാണാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ദുർഭരണത്തിൽ നിന്നുള്ള മോചനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുന്ന ഒരു വിഭാഗവും രാജ്യത്തിനകത്ത് ഉണ്ട്. എന്നാൽ പാകിസ്താനിലെ അർസാൻ മീണ ഗ്രാമത്തെ ഇതൊന്നും തന്നെ ബാധിക്കാറില്ല. ഇവിടുത്തെ ജനങ്ങൾ എല്ലായ്‌പ്പോഴും വളരെ സന്തോഷവാന്മാരാണ്.
പാകിസ്താനിലെ നിയമ സംവിധാനങ്ങളൊന്നും തന്നെ ബാധിക്കില്ല എന്നതാണ് പഞ്ചാബ് പ്രവിശ്യയിലെ അർസാൻ മീണയെ വ്യത്യസ്തമാക്കുന്നത്. അതുമാത്രവുമല്ല സ്വന്തമായി ഒരു നിയമ സംവിധാനവും ഈ ഗ്രാമത്തിന് ഉണ്ട്. സ്ത്രീധനം നൽകരുത്, മൊബൈൽ ഫോൺ ഉപയോഗിക്കരുത് എന്നിങ്ങനെ പോകുന്നു ഈ ഗ്രാമത്തിലെ നിയമങ്ങൾ.
ഗ്രാമത്തലവന്മാരുടെ നിയന്ത്രണത്തിലാണ് ഈ ഗ്രാമത്തിലെ ജനങ്ങൾ ജീവിക്കുന്നത്. നിയമ നിർമ്മാണത്തിനും നിർവ്വഹണത്തിനുമുള്ള അവകാശം ഇവരിൽ നിക്ഷിപ്തമായിരിക്കുന്നു. ഇതിൽ ഇടപെടാൻ പാകിസ്താൻ സർക്കാരിന് ഒരു അധികാരവും ഇല്ല. ജനങ്ങളുടെ നന്മയ്ക്ക് വേണ്ടിയുള്ളതാണ് ഇവിടുത്തെ നിയമങ്ങൾ.
നമ്മുടെ നാട്ടിൽ ഉൾപ്പെടെ കുട്ടികൾ സ്മാർട് ഫോൺ ഉപയോഗിക്കാറുണ്ട്. എന്നാൽ ഈ ഗ്രാമത്തിൽ കുട്ടികൾക്ക് സ്മാർട് ഫോൺ ഉപയോഗത്തിന് അനുമതിയില്ല. 14 വയസ്സിന് താഴെയുള്ള കുട്ടികൾ വാഹനം ഓടിക്കരുത് എന്നാണ് ഈ ഗ്രാമത്തിലെ മറ്റൊരു നിയമം. ഈ നിയമം ലംഘിച്ചാൽ മാതാപിതാക്കൾക്ക് കർശന ശിക്ഷയായിരിക്കും ലഭിക്കുക. എല്ലാവരും നിയമം സന്തോഷത്തോടെ അനുസരിക്കുന്നു എന്നതിനാൽ ശിക്ഷ നൽകേണ്ടിവരുന്ന സാഹചര്യങ്ങൾ അപൂർവ്വമാണ്.
വിവാഹവുമായി ബന്ധപ്പെട്ടുള്ള നിയമങ്ങളാണ് ഈ ഗ്രാമത്തെ കൂടുതൽ ശ്രദ്ധേയം ആക്കുന്നത്. വിവാഹത്തിന് ഒരിക്കലും സ്ത്രീധനം നൽകാൻ പാടില്ല. അതുമാത്രവുമല്ല, ആഢംബര വിവാഹങ്ങൾക്ക് നിയന്ത്രണവും ഉണ്ട്. നിശ്ചിത തുകയ്ക്ക് മേൽ വിവാഹ ചിലവ് വർദ്ധിക്കാൻ പാടില്ലെന്നാണ് ഇവിടുത്തെ നിയമം.
Discussion about this post