കണ്ണൂർ: വളപട്ടണം മന്നയിലെ അരി മൊത്തവ്യാപാരിയുടെ വീട്ടിൽനിന്ന് മോഷണം നടത്തിയത് അയൽവാസി. മോഷണം നടന്ന വീടിൻറെ ഉടമസ്ഥനായ അഷ്‌റഫിൻറെ അയൽവാസിയായ ലിജീഷാണ് പിടിയിലായത് പിടിയിലായത്. പണവും സ്വർണ്ണവും പ്രതിയുടെ വീട്ടിൽ നിന്ന് തന്നെ കണ്ടെടുത്തു. മോഷണം നടന്ന നാൾ മുതൽ ലിജീഷ് പൊലീസ് നിരീക്ഷണത്തിൽ ആയിരുന്നു. ഇന്നലെ രാത്രിയോടെയാണ് ലിജീഷിനെ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞമാസം 20 നായിരുന്നു അരിവ്യാപാരിയായ അഷ്‌റഫിൻറെ വീട്ടിൽ മോഷണം നടന്നത്.മോഷണം നടന്ന സാഹചര്യവും രീതിയും പരിശോധിച്ചപ്പോൾ വീടിനെപ്പറ്റി ധാരണയുള്ള ഒരു വ്യക്തിയാണ് പിന്നിൽ എന്ന് പോലീസിന് ആദ്യമേ സംശയമുണ്ടായിരുന്നു. പോലീസ് നായ മണം പിടിച്ചു പോയതും ഇയാളുടെ വീടിനു മുന്നിലൂടെയായിരുന്നു. സിസിടിവിയിൽ പെടാതെ അതിവിദഗ്ധമായിട്ടായിരുന്നു മോഷണം. കട്ടിലുണ്ടാക്കിയ പ്രത്യേക അറയിലാണ് മോഷണമുതൽ ഇയാൾ ഒളിപ്പിച്ചത്.
മോഷണം നടന്ന ദിവസം പോലീസ് അയൽവാസിയായ ലിജീഷിന്റെ വീട്ടിൽ പോയിരുന്നു. സംശയാസ്പദമായി എന്തെങ്കിലും കണ്ടിരുന്നോയെന്ന് പോലീസ് ലിജീഷിനോട് അന്വേഷിച്ചിരുന്നു. ഇല്ലെന്നായിരുന്നു ഇയാളുടെ മറുപടി. അതേസമയം, ലിജീഷിന്റെ തലയിലും ശരീരത്തിലും ചിലന്തിവലകളുണ്ടായിരുന്നു. മോഷണം നടന്ന സ്ഥലത്തും ഈ ചിലന്തിവലകളുണ്ടായിരുന്നു. ശരീരത്തിലെ ചിലന്തിവലകൾ ശ്രദ്ധിച്ച പോലീസ് എന്തുപറ്റിയതാണെന്ന് അന്വേഷിച്ചപ്പോൾ കൃത്യമായ മറുപടി നൽകാൻ ലിജീഷിനായില്ല. നേരത്തെ കണ്ണൂർ കീച്ചേരിയിലെ വീട്ടിൽനിന്ന് ലിജീഷ് 11 പവൻ മോഷ്ടിച്ചിരുന്നതായും പോലീസ് പറയുന്നു. അന്ന് തൊണ്ടിമുതൽ കണ്ടെത്താനോ പ്രതിയെ പിടികൂടാനോ സാധിച്ചിരുന്നില്ല. വിരലടയാളത്തിൽനിന്നാണ് അന്ന് മോഷണം നടത്തിയത് ഇയാൾത്തന്നെയാണെന്ന് പോലീസിന് മനസ്സിലായത്.
Discussion about this post