വയനാട്: കൽപ്പറ്റ സ്റ്റേഷൻ ഹൗസ് ഒാഫീസർ വിനോയ് കെ.ജെയ്‌ക്കെതിരെ ഭീഷണി മുഴക്കിയ കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പറായ ജഷീർ പള്ളിവയലിനെതിരെ കേസ് എടുത്ത് പോലീസ്. സിഐയുടെ പരാതിയിലാണ് കേസ് എടുത്തത്. കഴിഞ്ഞ ദിവസമാണ് വിനോയ്‌ക്കെതിരെ ഭീഷണി മുഴക്കി കൊണ്ട് ഫേസ്ബുക്കിലൂടെ ജഷീർ രംഗത്ത് എത്തിയത്.
ഉരുൾപൊട്ടലിനെ തുടർന്ന് പ്രതിസന്ധിയിലായ ചൂരൽ മലയിലെയും മുണ്ടക്കൈയിലെയും ജനങ്ങളുടെ പുന:രധിവാസം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് വയനാട് കളക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. ഇത് സംഘർഷത്തിലാണ് കലാശിച്ചത്. പ്രതിഷേധക്കാരെ പിരിച്ചുവിടാനായി പോലീസ് ലാത്തി വീശി. ഇതിൽ ജഷീർ ഉൾപ്പെടെ 50 ഓളം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കാണ് പരിക്കേറ്റത്. ഇതിന് പിന്നാലെ ഇവരെല്ലാം ആശുപത്രിയിൽ ചികിത്സ തേടി.
ജഷീറിന്റെ പുറത്ത് മർദ്ദനം ഏറ്റതിന്റെ നിരവധി പാടുകൾ ഉണ്ടായിരുന്നു. ഇതിന്റെ ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവച്ചുകൊണ്ടായിരുന്നു ജഷീറിന്റെ ഭീഷണി. ദൈവം ആയുസ് തന്നിട്ടുണ്ടെങ്കിൽ മോനെ വിനോയ് കെ.ജെ തന്നെ വിടത്തില്ല എന്നായിരുന്നു ഫേസ്ബുക്ക് കുറിപ്പ്. ഇത് വ്യാപകമായി പ്രചരിച്ചതോടെ മാദ്ധ്യമങ്ങളിൽ വാർത്തയുമായി. ഇതിന് പിന്നാലെയാണ് പോലീസ് കേസ് എടുത്തിട്ടുല്‌ളത്.
സിഐയെ ഭീഷണിപ്പെടുത്തി ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുക എന്ന ഉദ്ദോശത്തോടെയാണ് ജഷീർ ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചത് എന്നാണ് പോലീസിന്റെ നിരീക്ഷണം. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസ് എടുത്തിട്ടുള്ളത്.
Discussion about this post