തൃശ്ശൂർ: ചാവക്കാട് വീണ്ടും മത്തി കൂട്ടത്തോടെ കരയിൽ എത്തി. ബ്ലാങ്ങാട് കടപ്പുറത്ത് ആണ് വീണ്ടും മത്തി ചാകര അനുഭവപ്പെട്ടത്. സംഭവം കണ്ട ആളുകൾ കൂട്ടത്തോടെയെത്തി മത്തി വാരിക്കൂട്ടി തിരികെ പോയി.
ശനിയാഴ്ച രാവിലെയോടെയായിരുന്നു മത്തിക്കൂട്ടം കരയ്ക്ക് കയറിയത്. രാവിലെ കടപ്പുറത്ത് എത്തിയവർ ആണ് സംഭവം ആദ്യം കണ്ടത്. തിരമാലയ്‌ക്കൊപ്പം മത്തികളും തീരത്ത് അടിയുകയായിരുന്നുവെന്ന് ഇവർ പറഞ്ഞു. അര മണിക്കൂറോളം ഈ പ്രതിഭാസം തുടർന്നു. അവിടെയുണ്ടായിരുന്നവർ കവറുകളിലും മറ്റുമായി മത്തി വാരിയെടുത്തു. സംഭവം അറിഞ്ഞ തീരത്ത് താമസിക്കുന്നവരും മത്സ്യത്തൊഴിലാളികളും പാത്രങ്ങളും കുട്ടകളുമായി എത്തി മീനുകളുമായി വീട്ടിലേക്ക് മടങ്ങി.
രണ്ടാഴ്ച മുൻപും ചാവക്കാട് വിവിധ തീരങ്ങളിൽ മത്തികൾ കൂട്ടത്തോടെ അടിഞ്ഞിരുന്നു. എന്നാൽ ഇതിനെക്കാൾ കൂടുതൽ മീനുകൾ ആയിരുന്നു ബ്ലാങ്ങാട് കടപ്പുറത്ത് എത്തിയത്. ഉച്ചക്ക് ഒരു മണിയോടെ തൊട്ടാപ്പ് ലൈറ്റ് ഹൗസ് പരിസരത്തും ചാളക്കൂട്ടം കരയ്ക്കു കയറി.
Discussion about this post