വാഷിംഗ്ടൺ: ഏറെകാലമായി തിരിച്ചുവരാനുള്ള വഴി തുറക്കുന്നതും കാത്ത് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ താമസിക്കുകയാണ് ബഹിരാകാശ പര്യവേഷകയും ഇന്ത്യൻ വംശജയുമായ സുനിത വില്യംസ്.ബോയിങ് സ്റ്റാർലൈനർ പേടകത്തിലെ സാങ്കേതിക തകരാർ കാരണം സുനിത വില്യംസും സഹസഞ്ചാരി ബുച്ച് വിൽമോറും ഭൂമിയിലേയ്ക്ക് മടങ്ങാനാകാതെ ജൂൺ മുതൽ ബഹിരാകാശ നിലയത്തിൽ തുടരുകയാണ്. ജൂൺ ഏഴിന് എത്തി തിരികെ 13 ന് മടങ്ങാനായിരുന്നു പദ്ധതിയെങ്കിലും പേടകത്തിന്റെ സാങ്കേതിക തകരാർ മൂലം മടക്ക യാത്ര വൈകിപ്പിക്കുകയായിരുന്നു. വെള്ളത്തിലും ഭക്ഷണത്തിലും അടക്കം കർശനമായ നിയന്ത്രണത്തിലാണ് ഇവർ നിലയത്തിനുള്ളിൽ തുടരുന്നത്.
ഇപ്പോഴിതാ ബഹിരാകാശ നിലയത്തിൽ കൃഷി ചെയ്യുകയാണ് സുനിതയെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ചീര വിഭാഗത്തിൽപ്പെട്ട ലെറ്റിയൂസ് എന്ന പച്ചക്കറിയാണ് സുനിത വളർത്തുന്നത്. ഭക്ഷണത്തിന് വേണ്ടിയാണ് സുനിത ലെറ്റിയൂസ് വളർത്തുന്നതെന്ന് കരുതിയെങ്കിൽ തെറ്റി. ഭൂഗുരുത്വം കുറഞ്ഞ അവസ്ഥയിൽ വെള്ളത്തിന്റെ അളവ് എത്രത്തോളം സസ്യങ്ങളെ സ്വാധീനിക്കുന്നു എന്നറിയാനുള്ള പരീക്ഷണമാണ് അവർ നടത്തുന്നത്. ഭാവിയിലെ ബഹിരാകാശ പദ്ധതികൾക്കും ഭൂമിയിലെ കാർഷിക മേഖലയ്ക്കും ഒരുപോലെ ഗുണം ചെയ്യുന്ന ഗവേഷണമാണ് ഇപ്പോൾ നടപ്പിലാക്കുന്നതെന്ന് സാരം. ഇതിന്റെ ഫലമനുസരിച്ച് പുതിയ കൃഷിരീതികൾ ഭൂമിയിലും നടപ്പിലാക്കാനാകും.
ഈർപ്പത്തിന്റെ അളവ് സസ്യത്തിന്റെ വളർച്ചയെ എങ്ങനെ സ്വാധീനിക്കുന്നു, അവയിൽ പോഷകങ്ങളുടെ അളവിൽ എത്രത്തോളം മാറ്റമുണ്ടാകുന്നു തുടങ്ങിയ കാര്യങ്ങൾക്കാണ് പരീക്ഷണം നടക്കുന്നത്. ബഹിരാകാശത്ത് കൃഷി സാധ്യമാകുമോ എന്ന കാര്യമാണ് പ്രധാനമായും പരീക്ഷിച്ച് ഉറപ്പാക്കുന്നതെന്ന് ചുരുക്കം.
Discussion about this post