ആലപ്പുഴ: അഞ്ച് എംബിബിഎസ് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന്റെ വിശദാംശങ്ങൾ പങ്കുവച്ച് കെഎസ്ആർടിസി ഡ്രൈവർ. മഴയാണ് അപകടത്തിന് കാരണം ആയത് എന്ന് ഡ്രൈവർ രാജീവ് പറഞ്ഞു. ബസിന് നേർക്ക് കാർ പാഞ്ഞടുക്കുന്നത് കണ്ടിരുന്നു. എന്നാൽ ബസിൽ ഇടിയ്ക്കുമെന്ന് ഒരിക്കലും വിചാരിച്ചില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
സംഭവ സമയം ശക്തമായ മഴയായിരുന്നു. അതുകൊണ്ട് തന്നെ ബസിന് വേഗത കുറവായിരുന്നു. കാർ ബസിന് നേർക്ക് വരുന്നത് കണ്ടിരുന്നു. എന്നാൽ ഇടിയ്ക്കുമെന്ന് കരുതിയില്ല. പെട്ടെന്ന് ബ്രേക്ക് ഇട്ടപ്പോൾ വാഹനം ചരിഞ്ഞുവന്ന് ഇടിയ്ക്കുകയായിരുന്നു. അപകടസമയം സമീപത്ത് മറ്റ് വാഹനങ്ങൾ ഉണ്ടായിരുന്നില്ലെന്നും രാജീവ് പറഞ്ഞു.
ബസിനടിയിലേക്ക് കാർ ഇടിച്ച് കയറുകയായിരുന്നു. ബസ് റിവേഴ്‌സ് എടുത്ത ശേഷം ആയിരുന്നു കാറിൽ നിന്നും ഇവരെ പുറത്ത് എടുത്തത്. അപകടം ഉണ്ടായ ഉടൻ നാട്ടുകാർ ഓടിയെത്തി. സംഭവത്തിൽ ഞെട്ടൽ ഇപ്പോഴും വിട്ട് മാറിയിട്ടില്ലെന്നും രാജീവ് കൂട്ടിച്ചേർത്തു.
ഇന്നലെ രാത്രി ഒൻപതരയോടെയായിരുന്നു കളർകോടുവച്ച് അപകടം ഉണ്ടായത്. കാറിലുണ്ടായിരുന്ന 11 പേരിൽ അഞ്ച് പേർക്ക് സംഭവസ്ഥലത്തുവച്ച് തന്നെ ജീവൻ നഷ്ടമായി. ബാക്കിയുള്ള ആറ് പേരും ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.
Discussion about this post