ചരിത്രം കുറിക്കാൻ ഒരുങ്ങി പാർക്കർ സോളാർ പ്രോബ് . 2018 ഓഗസ്റ്റ് 12 ന് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ വിക്ഷേപിച്ചതാണ് പാർക്കർ സോളാർ . വിക്ഷേപിച്ച് ആറ് വർഷത്തിന് ശേഷം സോളാർ പേടകം സൂര്യന് ഏറ്റവും അടുത്ത് കൂടെ പറക്കാൻ പോവുകയാണ്. 2024 ഡിസംബർ 24 ന് ഇത് ഒരു ചരിത്രമായി കുറിക്കപ്പെടും.
സൂര്യന്റെ ഏറ്റവും പുറത്തുള്ള കവചമായ കോറോണയെ കുറിച്ച് പഠിക്കാൻ നായ 2018 ൽ വിക്ഷേപിച്ചതാണ് സോളാർ പ്രോബ്. ഡിസംബർ 24 ന് പേടകം സൂര്യന് 3.8 ദശലക്ഷം മൈൽ അടുത്തെത്തും. അതി വേഗതയിലാണ് സൂര്യന് ചുറ്റും ഇവ വലംവെയ്ക്കുക. കൂടാതെ സൗരപ്രവർത്തനങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകാൻ ഈ ദൗത്യത്തിനാകുമെന്നാണ് പ്രതീക്ഷയെന്ന് നാസയുടെ കെന്നഡി സ്‌പേസ് സെൻറർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ഭൂമിയിൽ നിന്ന് സൂര്യനിലേക്കുള്ള ശരാശരി ദൂരം എന്നത് 93 ദശലക്ഷം മൈലാണ്. ഭൂമിയിൽ നിന്ന് അത്രയും ദൂരം സഞ്ചരിച്ചാണ് ഇപ്പോൾ പേടകം സൂര്യന്റെ അടുത്തേക്ക് എത്തിയിരിക്കുന്നത്. ഏകദേശം 5,600 ഡിഗ്രി സെൽഷ്യസാണ് സൂര്യന്റെ ഉപരിതലത്തിലെ താപനില. അകത്തേക്ക് പോകുംതോറും അത് ഉയർന്ന് ഏകദേശം 15 ദശലക്ഷം ഡിഗ്രി സെൽഷ്യസ് താപനിലയിൽ വരെ എത്തുന്നു. ഇങ്ങനെ ചുട്ടുപൊള്ളുന്ന സൂര്യന്റെ അടുത്തെത്താനാണ് പേടകം ഒരുങ്ങുന്നത്. ഇത്രയും ഉയർന്ന താപനില ഉള്ള സ്ഥലത്ത് എത്തിയിട്ടും പാർക്കർ കത്തിയിട്ടില്ല എന്നതും ഏറ്റവും ശ്രദ്ധേയമായ കാര്യമാണ്. 1,371 സെൽഷ്യസ് താപനിലയെ വരെ ചെറുക്കാനാവുന്ന തരത്തിൽ 1.43 സെൻറീമീറ്റർ കട്ടിയുള്ള കാർബൺ-സംയോജിത കവചം ഉപയോഗിച്ചാണ് പാർക്കർ സോളാർ പ്രോബും അതിലെ ഉപകരണങ്ങളും സംരക്ഷിച്ചിരിക്കുന്നത്.
685 കിലോഗ്രാമാണ് പാർക്കർ സോളാർ പ്രോബ് പേടകത്തിൻറെ ഭാരം. 2018 ഓഗസ്റ്റ് 12ന് ഫ്‌ലോറിഡയിലെ കേപ് കനാവെറൽ സ്‌പേസ് ഫോഴ്സ് സ്റ്റേഷനിൽ നിന്നായിരുന്നു ഇതിൻറെ വിക്ഷേപണം. 2009ലെ ബജറ്റ് വർഷത്തിലാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്. ജോൺസ് ഹോപ്കിൻസ് യൂണിവേഴ്‌സിറ്റി അപ്ലൈഡ് ഫിസിക്‌സ് ലബോറട്ടറി ബഹിരാകാശ പേടകം രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്തിരിക്കുന്നത്.
Discussion about this post