ചെന്നൈ: സ്ത്രീ സൗന്ദര്യത്തെക്കുറിച്ച് സമൂഹത്തിന് തെറ്റായ കാഴ്ചപ്പാടാണ് ഉള്ളെന്ന് തെന്നിന്ത്യൻ സൂപ്പർ താരം തമന്ന ഭാട്ടിയ. മെലിഞ്ഞിരിക്കുന്നതാണ് സൗന്ദര്യം എന്നാണ് പൊതുവെയുള്ള ധാരണ. തന്റെ തടിച്ച ശരീരത്തെ ആളുകൾ അംഗീകരിക്കാൻ തുടങ്ങിയത് ഇപ്പോഴാണെന്നും തമന്ന പറഞ്ഞു. പുതിയ സിനിമയായ സിക്കന്ദർ ക മുക്കന്ദറിന്റെ പ്രമോഷൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു തമന്ന.
ബാല്യകാലത്ത് സൗന്ദര്യത്തെക്കുറിച്ച് തെറ്റായ കാഴ്ചപ്പാട് എനിക്ക് ഉണ്ടായിരുന്നു. മെലിഞ്ഞിരിക്കുന്നതാണ് സൗന്ദര്യം എന്നായിരുന്നു എന്റെ വിശ്വാസം. അതുകൊണ്ട് തന്നെ കൗമാരം എത്തിയപ്പോൾ മെലിഞ്ഞിരിക്കാൻ ശ്രമിച്ചു. ഭക്ഷണത്തിൽ ക്രമീകരണം ഉൾപ്പെടെ എന്നിൽ നിരവധി സമ്മർദ്ദങ്ങൾ ഞാൻ ചെലുത്തി. എന്നാൽ അതൊന്നും സൗന്ദര്യം ആയിരുന്നില്ലെന്ന് പിന്നീട് എനിക്ക് ബോദ്ധ്യമായി.
സ്വയം നല്ലത് എന്ന് തോന്നുന്നതിന് മെലിഞ്ഞിരിക്കുന്നതുമായി ബന്ധമില്ല. എന്റെ ശരീരം തടിച്ചിട്ടാണ്. ഈ തടിച്ച ശരീരം വച്ചാണ് സിനിമകളിൽ അഭിനയിക്കുന്നത്. ആജ് കി രാത്ത് എന്ന ഗാനം പുറത്തിറങ്ങിയ ശേഷം ആണ് എന്റെ ശരീരത്തെ ആളുകൾ അംഗീകരിക്കാൻ തുടങ്ങിയത്.
കാവാല പുറത്തിറങ്ങിയ സമയത്ത് ഒരു പാർട്ടിയിൽ പങ്കെടുക്കുന്നതിനിടെ അപരിചിതയായ സ്ത്രീ എന്നോട് നന്ദി പറഞ്ഞു. നിങ്ങൾ കാരണം ഞങ്ങളെ പോലെ തടിയുള്ളവരെ സമൂഹം അംഗീകരിക്കുന്നുണ്ട് എന്നായിരുന്നു ഇവർ പറഞ്ഞത്. നിങ്ങൾക്ക് നല്ല തടിയുണ്ട്. എന്നിട്ടും നിങ്ങൾ നന്നായി ആസ്വദിച്ചാണ് ആ ഗാനരംഗം ചെയ്തത്. അപ്പോഴാണ് ആ സ്ത്രീയെ സംബന്ധിച്ച് ഞാൻ തടിച്ചിയാണെന്ന് ചിന്തിക്കുന്നത്. അവർ അത് പറഞ്ഞ ശേഷമാണ് എന്റെ തടിയെക്കുറിച്ച് മനസിലാക്കിയത്.
എന്റെ തടി മനോഹരം ആണെന്നാണ് എനിക്ക് തോന്നിയത്. അഭിനയം ആയതിനാൽ ശരീരം നോക്കേണ്ടത് എന്റെ ജോലിയുടെ ഭാഗമാണ്. എന്നാൽ ഇന്ന് ചെറിയ കുട്ടികൾ പോലും ശരീരം മെലിഞ്ഞതായി വയ്ക്കാൻ വലിയ സമ്മർദ്ദം ചെലുത്തുന്നുണ്ട്. അത് തെറ്റാണ്. ചിലപ്പോൾ എത്രയൊക്കെ അണിഞ്ഞൊരുങ്ങിയാലും ഒരു ഭംഗി തോന്നാറില്ല. ചില സമയം ഒന്നും ചെയ്തില്ലെങ്കിലും നല്ല ഭംഗി തോന്നാറുണ്ടെന്നും തമന്ന കൂട്ടിച്ചേർത്തു.
Discussion about this post