എറണാകുളം: നടൻ ദിലീപിനും സംഘത്തിനും ശബരിമല ദർശനത്തിന് വിഐപി പരിഗണന നൽകിയതുമായി ബന്ധപ്പെട്ട സംഭവം ഇന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് വീണ്ടും പരിഗണിക്കും. ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ എങ്ങനെയാണ് പോലീസിന്റെ അകമ്പടിയോടെ ശബരിമല ദർശനത്തിന് എത്തിയതെന്ന് വിശദീകരിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംഭവ ദിവസത്തെ സിസിടിവി ദൃശ്യങ്ങളടക്കം ഇന്ന് ഹാജരാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ദേവസ്വം വിജിലന്‍സ് എസ്‍പി സംഭവത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് കൈമാറിയിരുന്നു. പ്രാഥമിക റിപ്പോര്‍ട്ടാണ് കൈമാറിയതെന്നും വിശദമായ റിപ്പോര്‍ട്ട് ഹൈക്കോടതിയക്ക് കൈമാറുമെന്നും ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ മുരാരി ബാബു വിശദമാക്കിയിട്ടുണ്ട്.
രണ്ടും മൂന്നും മണിക്കൂർ ക്യൂ നിന്ന് ദർശനം നടത്താൻ കഴിയാതെ ഭക്തർ മടങ്ങിപ്പോകുന്നത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. നടന് വിഐപി പരിഗണന കൊടുത്ത്, മറ്റ് ഭക്തർക്ക് ദർശനം തടസപ്പെടുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ദിലീപിനെതിരെ കോടതി അലക്ഷ്യ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. മുൻ ഉത്തരവുകൾക്ക് വിരുദ്ധമായിട്ടാണ് വിഐപി ദർശനം നടത്തിയത് എന്നും പറഞ്ഞ ഹൈക്കോടതി ദേവസ്വം ബോർഡ് അടക്കം ബന്ധപ്പെട്ട കക്ഷികളുടെ മറുപടി സത്യവാങ്മൂലം ലഭിച്ചതിന് ശേഷം എന്തു വേണമെന്ന് ആലോചിക്കാമെന്നും വ്യക്തമാക്കിയിരുന്നു.
Discussion about this post