തിരുവനന്തപുരം : സ്മാർട്ട് സിറ്റി കരാറിൽ സർക്കാരിന് വീഴ്ച വ്യക്തമാക്കുന്ന വിവരവകാശ റിപ്പോർട്ട് പുറത്ത്. പദ്ധതിക്ക് ക്ലോസിംഗ് തീയതി നിശ്ചയിക്കാതെയാണ് സംസ്ഥാന സർക്കാർ ഈ രേഖയുമായി മുന്നോട്ട് പോവുന്നത് എന്നാണ് രേഖയിൽ നിന്ന് വ്യക്തമാവുന്നത്. പദ്ധതി എന്ന് തീർപ്പാക്കണം എന്നുള്ളതിൽ തീയതി നിശ്ചയിച്ചിട്ടില്ല എന്നാണ് ഇതിൽ സർക്കാർ പറയുന്നത്.
സ്മാർട്ട് സിറ്റി പദ്ധതിയിൽ നിന്ന് ടീകോമിനെ അങ്ങോട്ട് നഷ്ടപരിഹാരം നൽകി ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ വിമർശനമുയരുന്നതിനിടെയാണ് വീഴ്ച വ്യക്തമാക്കുന്ന കൂടുതൽ രേഖകൾ പുറത്ത് വന്നിരിക്കുന്നത്.
2007 ൽ ഒപ്പിട്ട പദ്ധതിക്ക് 2022 ലും ക്ലോസിംഗ് ഡേറ്റ് നിശ്ചയിച്ചിട്ടില്ല. ടീകോമിനെതിരെ സർക്കാരിന് മുന്നിലുള്ള നിയമവഴി സർക്കാർ തന്നെ അടച്ചു എന്ന് വേണം പറയാൻ. പദ്ധതിയിൽ ഒരു ഘട്ടത്തിലും സർക്കാർ മേൽനോട്ടവും ഉണ്ടായിട്ടില്ല എന്നാണ് ഈ രേഖയിൽ നിന്ന് മനസ്സിലാവുന്നത്.
5 നടപടികൾ സർക്കാർ നൽകി പൂർത്തിയാക്കുന്ന ദിവസം മുതൽ 10 വർഷത്തേക്ക് എന്നതാണ് കരാറിലെ വ്യവസ്ഥയെന്നായിന്നു സർക്കാർ വാദം. എന്നാൽ ഇതൊന്നും സർക്കാർ രേഖകളിൽ രേഖപ്പെടുത്തിയിട്ടില്ല. സെസ് അനുമതി ലഭ്യമാക്കിയത് അടക്കം കൃത്യം സമയത്ത് നടപടികൾ പൂർത്തിയാക്കിയെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും അതും രേഖയിൽ ഇല്ല.
2007 ൽ വി എസ് സർക്കാരിന്റെ കാലത്താണ് കരാർ ഒപ്പുവച്ചത്. പൊതുവിൽ ഒരു സർക്കാരും സ്വകാര്യ കമ്പനിയും തമ്മിൽ കരാറിൽ ഏർപ്പെട്ടു കഴിഞ്ഞാൽ, സ്വകാര്യ കമ്പനി കരാർ വീഴ്ച വരുത്തിയാൽ എന്ത് നടപടി സ്വീകരിക്കണം എന്ന് കരാറിൽ തന്നെ പറയും. .എന്നാൽ 2007 ൽ കേരള സർക്കാർ ടീകോമുമായി ഒപ്പിട്ട കരാർ പ്രകാരം ഈ പദ്ധതി യാഥാർഥ്യമാകാതെ പോയാൽ, ടീകോമിന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായാൽ എന്ത് നടപടിയെടുക്കണം എന്ന് പറയുന്നില്ല . ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് വിഭാവനം ചെയ്യപ്പെട്ട പദ്ധതി, പക്ഷെ നിലവിൽ വന്നതും കരാറൊപ്പിട്ടതും 2007 മെയ് മാസത്തിൽ വി എസ് അച്യുതാനന്ദന്റെ കാലത്താണ്.
2007 ൽ ഒപ്പിട്ട കരാർ 2024 ലാണ് റദ്ദാക്കുന്നത്. അതും ഈ കരാറിൽ ഒപ്പിട്ട കമ്പനിയുടെ വീഴ്ച കൊണ്ട് മാത്രം നടപ്പിലാക്കാതെ പോയ ഒരു സാഹചര്യത്തിൽ. ഇപ്പോൾ ഇത് നിർത്തി പോകാൻ അവർക്ക് അങ്ങോട്ട് പണം കൊടുക്കേണ്ട സാഹചര്യത്തിലാണ് സർക്കാർ ഉള്ളത്.
Discussion about this post