തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്‍റെ അടിവസ്ത്രത്തിൽ രക്തക്കറ കണ്ടെത്തിയ സംഭവം അതീവ ഗൗരവതരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നവീൻ ബാബുവിന്റേത് കൊലപാതകമാണെന്ന സംശയത്തിന് ബലം നൽകുന്നതാണ് പോലീസിന്റെ ഇൻക്വസ്റ്റ് റിപ്പോർട്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും എഫ്ഐആറിലും ഇതിനെ പറ്റി പരാമർശമില്ലാത്തത് സംശയാസ്പദമാണെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ നിർദ്ദേശമില്ലാതെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഇത്തരമൊരു നടപടി സ്വീകരിക്കില്ല എന്ന കാര്യം ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനിടെ ആഭ്യന്തര വകുപ്പിന്‍റെ ഇടപെടൽ നടന്നുവെന്നത് വ്യക്തമാണ്. അതുകൊണ്ട് തന്നെ സംസ്ഥാന പോലീസിൻ്റെ അന്വേഷണം പ്രഹസനമാകും. സിപിഎം സംസ്ഥാന സെക്രട്ടറിയും സർക്കാരും സിബിഐ അന്വേഷണത്തെ എതിർക്കുന്നത് മടിയിൽ കനമുള്ളത് കൊണ്ടാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
കണ്ണൂർ ടൗൺ പോലീസ് തയ്യാറാക്കിയ ഇൻക്വസ്റ്റ് റിപ്പോർട്ടിലാണ് നവീൻ ബാബുവിന്‍റെ അടിവസ്ത്രത്തിൽ രക്തക്കറ ഉണ്ടെന്ന പരാമർശമുള്ളത്. എന്നാൽ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ രക്തക്കറയുടെ പരാമർശങ്ങളില്ല. എഫ്‌ഐആറിലും മറ്റു സംശയങ്ങൾ പറയുന്നില്ല.
ഒക്ടോബർ 15 ന് രാവിലെയാണ് നവീൻ ബാബു മരിക്കുന്നത്. അന്നു രാവിലെ 10.15 മുതൽ 11.45 വരെ കണ്ണൂർ ടൗൺ പോലീസ് പരിശോധന നടത്തിയിരുന്നു. അതിന്റെ ഇൻക്വസ്റ്റ് റിപ്പോർട്ടിലാണ് ഈ വിവരം പറയുന്നത്. തുടകൾ, കണങ്കാലുകൾ, പാദങ്ങൾ എന്നിവ സാധാരണനിലയിലാണെന്നും എഴുതിയിട്ടുണ്ട്. രക്തക്കറകളെക്കുറിച്ച് മറ്റു പരാമർശങ്ങളൊന്നും റിപ്പോർട്ടിലില്ല. മരണകാര്യത്തിൽ മറ്റു സംശയങ്ങളൊന്നും ഇല്ലെന്നാണ് എഫ്.ഐ.ആറിലെ ഉള്ളടക്കം.
Discussion about this post