തിരുവനന്തപുരം: സീരിയലുകൾക്കെതിരെ താന്‍ നടത്തിയ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് ചലച്ചിത്ര അക്കാദമി ചെയർമാനും നടനുമായ പ്രേം കുമാർ. ചില സീരിയലുകൾ മാരകമായ വിഷം തന്നെയാണ്. തന്റെ അഭിപ്രായത്തിന് പൊതുസമൂഹത്തിൽ വലിയ സ്വീകാര്യത ലഭിച്ചുവെന്നും പ്രേം കുമാർ പറഞ്ഞു.
കലാസൃഷ്‌ടി മോശമായാൽ ഒരു ജനതയെ അപചയത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സദുദ്ദേശത്തോടെ താൻ പറഞ്ഞ കാര്യങ്ങൾ പലതരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടു. പുരോഗമന ആശയങ്ങളിലുന്നി മുന്നോട്ട് പോകുന്ന ഒരു സമൂഹത്തെ സ്ത്രീ വിരുദ്ധവും പിന്തിരിപ്പനുമായ ആശയങ്ങൾ പ്രചരിപ്പിച്ച് സാംസ്‌കാരിക പാപ്പരത്തിലേക്ക് നയിക്കരുതെന്നാണ് താൻ പറഞ്ഞതിൻ്റെ സാരം. പത്ത് വര്‍ഷം മുമ്പും ഇതേ കാര്യം താന്‍ പറഞ്ഞിട്ടുണ്ടെന്നും പ്രേം കുമാർ വ്യക്തമാക്കി.
നേരത്തെ പ്രേം കുമാറിന്റെ പ്രസ്താവനയെ പിന്തുണച്ച് സംവിധായകനും നിർമ്മാതാവും ഗാനചരയിതാവുമായ ശ്രീകുമാരന്‍ തമ്പിയും രംഗത്ത് വന്നിരുന്നു. സീരിയലുകൾക്ക് സെൻസർഷിപ് ആവശ്യമാണെന്ന് ആദ്യം ആവശ്യപ്പെട്ടത് താൻ ആണെന്ന് ശ്രീകുമാരൻ തമ്പി വ്യക്തമാക്കി. ധാരാളം സീരിയലുകൾ സ്വന്തമായി നിർമ്മിച്ച ആളാണ് താൻ. ഇപ്പോൾ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്ന പരമ്പരകളിലെ ചില രംഗങ്ങളെങ്കിലും ”എൻഡോസൽഫാനേ”ക്കാൾ കൂടുതൽ വിഷം വിളമ്പുന്നവയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സീരിയൽ രംഗത്തു പ്രവർത്തിക്കുന്നവരും ബന്ധപ്പെട്ട ചാനലുകളും ഇനിയെങ്കിലും ഒരു ആത്മപരിശോധനയ്ക്കു തയ്യാറാകണം . അല്ലാതെ സത്യം പറയുന്ന പ്രേംകുമാറിനെ പോലുള്ളവർക്കെതിരെ ചന്ദ്രഹാസമിളക്കുകയല്ല വേണ്ടത് എന്നും ശ്രീകുമാരൻ തമ്പി വ്യക്തമാക്കിയിരുന്നു.
Discussion about this post