തിരുവനന്തപുരം: അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിനെതിരെ സോഷ്യൽ മീഡിയയിൽ നടത്തിയ പരാമർശങ്ങളെ തുടർന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട ഐ എ എസ് ഉദ്യോഗസ്ഥൻ എൻ പ്രശാന്ത് വീണ്ടും ഗുരുതര ആരോപണങ്ങളുമായി രംഗത്ത്. കേരള സർക്കാർ ചാർജ് മെമ്മോ നൽകിയതിന് പിന്നാലെയാണ് ജയതിലകിനെതിരെ വീണ്ടും ആരോപണങ്ങളുമായി അഇദ്ദേഹം രംഗത്തെത്തിയത്.ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രമുഖ മലയാളം ദിനപത്രം മാതൃഭൂമിയെയും പ്രശാന്ത് പരിഹസിക്കുന്നുണ്ട്. ഉന്നതിയിലെ ഫയലുകൾ എൻ പ്രശാന്ത് ഐഎഎസ് കൈമാറിയില്ലെന്ന കെ ഗോപാലകൃഷ്ണൻ ഐഎഎസിന്‍റെ രണ്ട് കത്തുകളിലും വൻ ദുരൂഹതയുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ആറാം മാസവും ഏഴാം മാസവും തയ്യാറാക്കിയതായി തീയതിയിട്ടിരിക്കുന്ന രണ്ട് കത്തുകളും ഓഫീസ് ഫയലിൽ അപ്‌ലോഡ് ചെയ്തത് എട്ടാം മാസം എന്ന രേഖകൾ പുറത്തായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് പ്രശാന്ത് എൻ രംഗത്തെത്തിയത്.
മുതിർന്ന ഉദ്യോഗസ്ഥൻ ഡോ. എ ജയതിലകനെ പരസ്യമായി പരിഹസിക്കുകയും വെല്ലുവിളിക്കുകയും ചെയ്തതിന് ശേഷം ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിനെ തുടർന്ന് നവംബർ 11നാണ് കൃഷി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് പ്രശാന്തിനെ സസ്പെൻഡ് ചെയ്തത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
“The truth does not require your participation in order to exist. Bullshit does” ~ Terence McKenna
സത്യത്തിന് നിലനിൽക്കാൻ താങ്കളുടെ സഹകരണം ആവശ്യമില്ല എന്ന് സ്നേഹാദരങ്ങളോടെ മഹാ മാധ്യമമായ മാതൃഭൂമിയോട്.
ലോകോത്തര പത്രമായ മാതൃഭൂമിക്ക് ഡോ. ജയതിലക് സ്നേഹപുരസരം സമ്മാനിച്ച അതേ ഫയലാണ് നമ്മളിന്ന് ചർച്ച ചെയ്യുന്നത്. ലേശം എഴുത്തും വായനയും അറിയാവുന്നവർക്ക് മാതൃഭൂമി ലേഖകന് കാണാൻ പറ്റാതെ പോയ ചിലതൊക്കെ അതേ ഫയലിൽ കാണാൻ സാധിക്കും.
ഈ-ഓഫീസിലെ PDF ഫയലിന്റെ ഏറ്റവും താഴെ ഡൗൺലോഡ് ചെയ്ത വ്യക്തിയുടെ വിവരം കാണിക്കും. അത് വ്യക്തമാക്കുന്ന സ്ക്രീൻ ഷോട്ട് ഇവിടെ പങ്ക് വെക്കുന്നു. ഡോ. ജയതിലക് അവർകൾ ലീക്കാക്കിയ ഫയലിലും അദ്ദേഹത്തിന്റെ വ്യക്തിമുദ്ര പതിപ്പിച്ചതായി നമുക്ക് കാണാം.
ഹിന്ദു-മുസ്ലിം ഐക്യത്തിന് വേണ്ടി അഹോരാത്രം പ്രവർത്തിക്കുന്ന എത്രയും ബഹുമാനപ്പെട്ട ശ്രീ. ഗോപാലകൃഷ്ണനാണ് നമ്മുടെ യഥാർത്ഥ ഹീറോ. “നാട്ടുകാരേ ഓടി വരു.. കടയ്ക്ക് തീ പിടിച്ചേ” എന്ന ടോണിൽ ‘ഉന്നതി’ ഫയലുകൾ കാണ്മാനില്ല എന്ന് കരഞ്ഞ് കൊണ്ട് രണ്ട് കത്തുകൾ ഡോ. ജയതിലകിന് എത്രയും ബഹുമാനപ്പെട്ട ശ്രീ. ഗോപാലകൃഷ്ണൻ നൽകിയതായി ഫയലിൽ കാണാം. ഈ കത്തുകളുടെ അടിസ്ഥാനത്തിലാണ് ഡോ.ജയതിലക് എനിക്കെതിരെ റിപ്പോർട്ട് തയ്യാറാക്കുന്നതും മാതൃഭൂമിക്ക് കൊടുക്കുന്നതും. ഈ കത്തുകൾക്ക് പ്രത്യേകതകൾ അനവധി. ലെറ്റർ നമ്പറോ ഫയൽ നമ്പറോ ഇല്ല. SC ഡയറകടർ അയക്കുന്ന കത്താണെങ്കിലും അതിന് വകുപ്പിന്റെ ലെറ്റർ ഹെഡ് പോലും ഇല്ല. സർക്കാറിൽ ഇത്തരം കത്തുകൾ അത്യപൂർവ്വമായതിനാൽ നാഷനൽ മ്യൂസിയം ഒരു കോപ്പി ചോദിച്ചിട്ടുണ്ട്. ഈ രണ്ട് അത്ഭുത കത്തുകളെ നമുക്ക് ഒന്നൂടെ പരിശോധിക്കാം.
ഡോ. ജയതിലകിനും എത്രയും ബഹുമാനപ്പെട്ട ശ്രീ. ഗോപാലകൃഷ്ണനും “ഈ-ഓഫീസിൽ” ടൈം സ്റ്റാമ്പ് (time stamp) എന്നൊരു സംഭവം ഉള്ളത് അറിയില്ലെന്ന് തോന്നുന്നു. ഈ-ഓഫീസ് സെർവ്വർ മൂന്ന് നാലുതവണ ഫോർമാറ്റ് ചെയ്താലേ ഈ ടൈം സ്റ്റാമ്പ് പോകൂ എന്നാണ് പറയപ്പെടുന്നത്. അല്ലെങ്കിൽ പിന്നെ ഹാക്ക് ചെയ്യണം.
7/6/2024 ഉം 3/7/2024 ഉം ഡേറ്റ് രേഖപ്പെടുത്തിയ ഈ രണ്ട് കത്തുകളും ഈ-ഓഫീസിൽ സ്കാൻ ചെയ്തത് സെക്രട്ടേറിയറ്റിലെ തപാൽ സെക്ഷനിൽ നിന്നല്ല, അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. ജയതിലകിന്റെ ഓഫീസിൽ നിന്ന് നേരിട്ടാണെന്ന് ഈ-ഓഫീസ് രേഖകൾ പറയുന്നു. ഇതും ഫോർമാറ്റ് ചെയ്താലേ മായ്ക്കാൻ സാധിക്കൂ. 8569196, 8569132 എന്നീ രണ്ട് correspondence നമ്പറുകളിൽ, ഈ രണ്ട് കത്തും ഒരേ ദിവസം, ഒരേ സമയത്താണ് സ്കാൻ ചെയ്ത് കയറ്റിയിരിക്കുന്നതെന്ന് കാണാം. 1/8/2024 ന് ഉച്ചക്ക് ശേഷം 3:16 മണിക്ക്. എത്രയും ബഹുമാനപ്പെട്ട ടൈം ട്രാവലർ ഡോ. ജയതിലക് അവർകൾ ഒന്ന് രണ്ട് മാസം ഭാവിയിലേക്ക് സഞ്ചരിച്ച് രേഖകൾ അറ്റാച്ച് ചെയ്യുകയായിരുന്നു സുഹൃത്തുക്കളേ.
എട്ടാം മാസം SCST വകുപ്പിൽ നിന്ന് ട്രാൻസ്ഫർ ആയി പോകുന്ന ഡോ.ജയതിലകിനും ഗോപാലകൃഷ്ണനും ഒത്തിരി കാര്യങ്ങൾ ചെയ്ത് തീർക്കേണ്ടതായിട്ടുണ്ടായിരുന്നു എന്നത് കൊണ്ടാണ് ഇങ്ങനെയൊരു സമയ സഞ്ചാരം വേണ്ടി വന്നത്. മൂന്നാം മാസം കൃഷിവകുപ്പിലേക്ക് മാറിപ്പോയ എന്നെ തീർക്കുക എന്നത് എട്ടാം മാസത്തെ ഒരു പ്രധാന ടാസ്കായിരുന്നു എന്ന് വേണം മനസ്സിലാക്കാൻ.
ഈ-ഓഫീസില്ലായിരുന്നെങ്കിൽ ഈ രണ്ട് ഉദ്യോഗസ്ഥരുടെയും കർമ്മ കുശലതയും അർപ്പണമനോഭാവവും നാം അറിയാതെ പോയേനേ. ഇരുവരും ചേർന്ന് മാസങ്ങൾ ടൈം ട്രാവൽ ചെയ്തത് ഇപ്പോൾ നാട്ടുകാരെല്ലാവരും അറിഞ്ഞിരിക്കുന്നു. ഫേമസായി. ഒരു പക്ഷേ അവർ ഇപ്പോൾ സഞ്ചരിക്കുന്നത് അടുത്ത വർഷത്തെ ഏതെങ്കിലും മാസത്തിലായിരിക്കാം. “ഭരണഘടനയും ഈ-ഓഫീസുമില്ലാത്ത സുന്ദരമായ വാട്സാപ്-ലോകം” എന്ന വിഷയത്തിൽ ഭാവിയിൽ ആരോ എവിടെയോ ഒരു സെമിനാർ നടത്തുന്നുണ്ടത്രേ.
വാളെടുത്തവൻ വാളാലെ എന്നൊരു ചൊല്ലുണ്ട്. ഫയലെടുത്തവൻ ഫയലാലെ എന്നാക്കിയാൽ കുഴപ്പമുണ്ടോ? ഇതിനെ ഓൾഡ് സ്കൂൾ ഫോർജ്ജറി (old school forgery) എന്ന് ദുഷ്ടന്മാർ പറയും.
വാർത്തകളുടെ ലിങ്ക് ചുവടെ കൊടുക്കുന്നു. മാതൃഭൂമി ഈ വാർത്ത സസ്നേഹം മുക്കാൻ ശ്രദ്ധിക്കുമല്ലോ.
Discussion about this post