ഏകാദേശി ദർശനത്തിന് പതിനായിരങ്ങൾ കണ്ണന്റെ സന്നിധിയിൽ. ദശമി ദിനമായ ഇന്നലെ പുലർച്ചെ നട തുറന്നു. ഇനി ദ്വാദശി ദിനമായ നാളെ രാവിലെ 9 മണിക്കാണ് നട അടയ്ക്കുക. പൂജകൾക്ക് മാത്രമായിരിക്കും ഇന്ന് നട അടയ്ക്കുക.
ഇന്നു രാത്രി മുഴുവൻ ഭക്തർക്ക് ദർശനം നടത്താം. ഏകാദശി ദിവസമായ ഇന്നു രാവിലെ പാർഥ സാരഥി ക്ഷേത്രത്തിലേക്ക് ഉള്ള എഴുന്നുള്ളിപ്പിന് കൊമ്പൻ ഗോകുൽ കോലമേറ്റി . രാവിലെ 9 ന് ആരംഭിക്കാറുള്ള എഴുന്നള്ളിപ്പ് ഇക്കുറി ഹൈക്കോടതി നിർദ്ദേശം പ്രകാരം രാവിലെ 6.30 ന് ആരംഭിച്ചു. 9 ന് മുൻപായി തിരിച്ചെത്തി. ഏകാദശിക്ക് പതിവുള്ള ഉദയാസ്തമയ പൂജ ഇക്കുറിയില്ല.
ഗുരുവായൂർ ഏകാദശി
ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ആട്ടവിശേഷങ്ങളിലൊന്നാണ് വൃശ്ചിമാസത്തിലെ വെളുത്ത ഏകാദശി ദിവസം ആചരിച്ചുവരുന്ന ഗുരുവായൂർ ഏകാദശി. ഏറ്റവുമധികം ഭക്തജനങ്ങൾ എത്തുന്ന ഈ ദിവസത്തെ ഗുരുവായൂരിലെ പ്രതിഷ്ഠാദിനമായാണ് കണകാക്കി വരുന്നത്. ദശമി പുലർച്ചെ 3ന് തുറക്കുന്ന ക്ഷേത്രനട ദ്വാദശി ദിവസം രാവിലെ 9 വരെ തുറന്നു വയ്ക്കുന്നത് ഭക്തർക്കെല്ലാം ദർശനം നൽകുന്നതിനാണ്.
ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതിഷ്ഠ നടന്നതും ഭഗവാൻ കൃഷ്ണൻ ഗീതോപദേശം നൽകിയതും ഈ ദിവസമെന്നാണ് വിശ്വാസം. മനഃശുദ്ധിയോടെയും ഭക്തിയോടെയും അനുഷ്ഠിക്കുന്ന ഏകാദശി വ്രതം രോഗശാന്തി, മനഃശാന്തി, ആയുരാരോഗ്യം, സമ്പത്ത്, കീർത്തി, സന്താന സൗഭാഗ്യം എന്നിവ പ്രദാനം ചെയ്യുമെന്നാണ് വിശ്വാസം. ഈ വ്രതം ഏകാദശിയുടെ തലേദിവസവും പിറ്റേദിവസവും എടുക്കണം.
ചാവക്കാട് താലൂക്കിൽ ഇന്ന് പ്രാദേശിക അവധി
ഏകദാശിയോടനുബന്ധിച്ച് ചാവക്കാട് താലൂക്കിൽ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി. തൃശൂർ ജില്ലാ കലക്ടറാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചത്.
മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. കേന്ദ്ര, സംസ്ഥാന, അർധ സർക്കാർ സ്ഥാപനങ്ങളിലെ നിയമന പരീക്ഷകൾക്കും അവധി ബാധകമല്ല.
Discussion about this post