ഏതെങ്കിലും വാർത്താ മാദ്ധ്യമങ്ങളോ , പ്രശസ്തമായ പേജോ എന്നെക്കുറിച്ച് അടിസ്ഥാനരഹിതമായ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാൽ നിയമപരമായി നേരിടാൻ തീരുമാനിച്ചിട്ടുണ്ടെന്ന് സായി പല്ലവി. വളരെ ദേഷ്യത്തോടെയാണ് സായി പല്ലവിയുടെ പ്രതികരണം. വ്യാജവാർത്തകളോ ഗോസിപ്പുകളോ പ്രസിദ്ധീകരിച്ചെന്ന് എൻറെ ശ്രദ്ധയിൽപ്പെട്ടാൽ, നിയമനടപടി നേരിടാൻ തയ്യാറാകൂ,” എന്നാണ് സായി പല്ലവി എക്സിലൂടെ മുന്നറിയിപ്പ് നൽകുന്നത്.
“മിക്കവാറും എല്ലാ സമയത്തും, അടിസ്ഥാനരഹിതമായ കിംവദന്തികളും കെട്ടിച്ചമച്ച വാർത്തകളും എനിക്കെതിരെ പ്രചരിക്കാറുണ്ട്. തെറ്റായ ഉദ്ദേശ്യത്തോടെ പ്രചരിക്കുന്നത് കാണുമ്പോഴെല്ലാം നിശബ്ദത പാലിക്കാനാണ് ഞാൻ തീരുമാനിക്കാറ്. അത് ദൈവത്തിന് അറിയാം. എന്നാൽ ഇത് സ്ഥിരമായി സംഭവിക്കുന്നതിനാൽ ഞാൻ പ്രതികരിക്കേണ്ട സമയമായെന്ന് തോന്നുന്നു. ഇത് നിർത്തുമെന്ന് തോന്നുന്നില്ല.
പ്രത്യേകിച്ച് എൻ്റെ സിനിമകളുടെ റിലീസുകൾ, പ്രഖ്യാപനങ്ങൾ,എൻ്റെ കരിയറിലെ പ്രിയപ്പെട്ട നിമിഷങ്ങൾ ഈ സമയത്താണ് ഇത് കൂടുതലായി കാണുന്നത്. എനിക്കെതിരെ ഏതെങ്കിലും പ്രശസ്തമായ പേജോ , മാദ്ധ്യമങ്ങളോ , വ്യക്തികളോ ഇത്തരത്തിൽ ഗോസിപ്പോ, വ്യാജവാർത്തകളോ ആയി ഇനി വന്നാൽ നിങ്ങളെ നിമയപരമായി തന്നെ നേരിടും. ” സായി പല്ലവി എക്സിൽ കുറിച്ചു.
കുറച്ചു ദിവസങ്ങളായി സായി പല്ലവിയെക്കുറിച്ചുള്ള ഒരു വാർത്ത സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പുറത്തിറങ്ങാനിരിക്കുന്ന രാമായണം എന്ന ഹിന്ദി ചിത്രത്തിൽ രൺബീർ കപൂർ രാമനായി അഭിനയിക്കുന്നു, സായ് പല്ലവിയാണ് സീതാദേവിയായി ചിത്രത്തിൽ അഭിനയിക്കുന്നത്. ചിത്രത്തിൽ സീതയായി സായ് പല്ലവി അഭിനയിക്കുന്നതിനാൽ അവർ നോൺ വെജിറ്റേറിയൻ ഭക്ഷണം പൂർണ്ണമായും ഒഴിവാക്കിയതായും സസ്യാഹാരം മാത്രം കഴിച്ചാണ് ഷൂട്ടിങ്ങിൽ തുടരുന്നതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
രാമായണത്തിൽ സീതയായി അഭിനയിക്കുന്നതിനാൽ ഷൂട്ടിംഗ് തീരും വരെ സസ്യേതര ഭക്ഷണം കഴിക്കേണ്ടെന്ന് സായി പല്ലവി തീരുമാനിച്ചതായാണ് പ്രചാരണം. ഇതിൻറെ ഭാഗമായി, വിദേശത്ത് പോകുമ്പോൾ പാചകക്കാരെ കൂടെ കൊണ്ടുപോകുന്നുവെന്നും ഒരു മാഗസിനിൽ വന്ന വാർത്തയിൽ പറയുന്നു. ഇതിനെതിരെയാണ് സായി പല്ലവിയുടെ പ്രതികരണം.
അമരനിൽ ശിവകാർത്തികേയനൊപ്പം ഇന്ദു റബേക്ക വർഗീസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സായ് പല്ലവിയുടെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു. അമരൻ്റെ വിജയത്തിന് തൊട്ടുപിന്നാലെയാണ് ഹിന്ദി ചിത്രമായ രാമായണത്തിൽ രൺബീർ കപൂറിനൊപ്പം സായി പല്ലവി അഭിനയിക്കുന്നത്. പുറമെ തെലുങ്കിൽ നാഗ ചൈതന്യയ്‌ക്കൊപ്പം തണ്ടേൽ എന്ന ചിത്രത്തിലും സായി പല്ലവി അഭിനയിക്കുന്നുണ്ട്.
Discussion about this post