എറണാകുളം: കേരള ഹൈക്കോടതിക്ക് സമീപമുള്ള മംഗളവനത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഹൈക്കോടതിക്ക് പിന്നിലായുള്ള സംരക്ഷിത മേഖലയായ മംഗളവനത്തിന്‍റെ ഉള്ളിലായി ആണ് മൃതദേഹം കണ്ടെത്തിയത്. സിഎംഎഫ്ആര്‍ഐ ഗേറ്റിലെ കമ്പിയിൽ കോര്‍ത്ത നിലയിലായിരുന്നു മൃതദേഹം. ഗേറ്റിന് മുകളിലായുള്ള കമ്പിയിൽ നഗ്നമായ നിലയിലാണ് മൃതദേഹം കിടക്കുന്നത്.
പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. സുരക്ഷാ ജീവനക്കാരാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. മധ്യവയസ്കനാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. മംഗള വനത്തിന്‍റെ വിജനമായ പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്. ഇവിടെ സിസിടിവി ഉള്‍പ്പെടെ ഇല്ല. രാത്രിയിൽ ആളുകളെ ഇവിടേക്ക് കയറ്റാറില്ല.
ദുരൂഹ മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും കൊച്ചി ഡിസിപി കെഎസ് സുദര്‍ശൻ പറഞ്ഞു. ഇത്രയും സുരക്ഷാമേഖലയിൽ ഇത്തരമൊരു സംഭവം നടന്നത് ഗൗരവമായിട്ടാണ് കാണുന്നതെന്നും കൊച്ചി ഡിസിപി വ്യക്തമാക്കി.
Discussion about this post