പത്തനംതിട്ട: നവദമ്പതികളുടെ മരണത്തിന് ഇടയാക്കിയ കോന്നി വാഹനാപകടത്തിന്റെ എഫ്‌ഐആർ പുറത്ത്. അലക്ഷ്യമായി കാറോടിച്ചതാണ് അപകടം ഉണ്ടാക്കിയത് എന്നാണ് എഫ്‌ഐആറിൽ പറയുന്നത്. കൂടൽ മുറിഞ്ഞകല്ലിൽ ഇന്ന് പുലർച്ചെ ആയിരുന്നു നാല് പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടം ഉണ്ടായത്.
നാലംഗ സംഘം സഞ്ചരിച്ച വാഹനം അയ്യപ്പ തീർത്ഥാടകരുടെ ബസിൽ ഇടിച്ച് കയറുകയായിരുന്നു. സംഭവത്തിന് പിന്നാലെ കാറാണ് അപകടം ഉണ്ടാക്കിയതെന്ന് ദൃക്‌സാക്ഷികൾ പോലീസിനോട് പറഞ്ഞിരുന്നു. ഇത് സ്ഥിരീകരിക്കുന്നതാണ് എഫ്‌ഐആർ. അമിത വേഗതയിൽ ആയിരുന്നു കാർ ഉണ്ടായിരുന്നത്. ഇതിനിടെ വാഹനം ഓടിച്ചയാൾ ഉറങ്ങിപ്പോയതായും സൂചനയുണ്ട്.
മല്ലശ്ശേരി സ്വദേശികളായ അനു, നിഖിൽ, ബിജു പി ജോർജ്, മത്തായി ഈപ്പൻ എന്നിവരാണ് അപകടത്തിൽമരിച്ചത്. സ്വിഫ്റ്റ് കാറിൽ ആയിരുന്നു ഇവരുടെ യാത്ര. ബസിനടിയിലേക്ക് ഇടിച്ച് കയറിയ കാർ വെട്ടിപ്പൊളിച്ചാണ് നാല് പേരെയും പുറത്തെടുത്തത്. അനു ഒഴികെ ബാക്കിയുള്ളവർ സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. കോന്നിയിലെ ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ ആയിരുന്നു അനുവിന്റെ മരണം.
നിലവിൽ നാല് പേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നിഖിലിന്റെ സഹോദരി വിദേശത്താണ്. ഇവർ എത്തിയ ശേഷം ആയിരിക്കും മൃതദേഹങ്ങൾ സംസ്‌കരിക്കുക. കഴിഞ്ഞ മാസം 30 നായിരുന്നു അനുവിന്റെയും നിഖിലിന്റെയും വിവാഹം. മലേഷ്യയിൽ മധുവിധു ആഘോഷിച്ചതിന് ശേഷം തിരികെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം ഉണ്ടായത്.
Discussion about this post