മലപ്പുറം: വീട്ടുപ്രസവങ്ങൾ അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ അപകടകരമാണെന്ന് ആരോഗ്യവകുപ്പ് നിരന്തരം ബോധവത്കരണം നടത്തിയിട്ടും വെല്ലുവിളിയായി വീട്ടിൽ പ്രസവം നടത്തി കുടുംബങ്ങൾ. കഴിഞ്ഞ നാലരവർഷത്തിനിടെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത് 2931 പ്രസവങ്ങളാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വീട്ടുപ്രസവങ്ങൾ നടക്കുന്നത് മലപ്പുറം ജില്ലയാണ്. ഏപ്രിൽ മുതൽ സെപ്തംബർ വരെ സംസ്ഥാനത്ത് 200 വീട്ടുപ്രസവങ്ങൾ നടന്നപ്പോൾ ഇതിൽ 93 എണ്ണവും മലപ്പുറത്താണ്. വയനാട്15, എറണാകുളം14, കണ്ണൂർ-12, ഇടുക്കി-12, കോഴിക്കോട് 11 എന്നിങ്ങനെയാണ് മറ്റു ജില്ലകൾ. ഏറ്റവും കുറവ് ഈ കാലയളവിൽ പ്രസവം രേഖപ്പെടുത്തിയ് പത്തനംതിട്ടയും കോട്ടയവുമാണ് 1ഉം 3 പ്രസവങ്ങൾ വീതമാണ് ഈ ജില്ലകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്.ആരോഗ്യപ്രവർത്തകർക്ക് ലഭ്യമായ കണക്ക് പ്രകാരമാണിത്. ശരിയായ കണക്കുകൾ ഇതിലധികം വരുമെന്നാണ് റിപ്പോർട്ടുകൾ.
മലപ്പുറം ജില്ലയിലെ താനാളൂർ, വളവന്നൂർ, ചെറിയമുണ്ടം പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വീട്ടുപ്രസവങ്ങൾ നടത്തിക്കൊടുക്കുന്ന രഹസ്യകേന്ദ്രങ്ങൾ സംബന്ധിച്ച് കഴിഞ്ഞ വർഷം പോലീസ്, വിജിലൻസ് അന്വേഷണങ്ങൾ നടന്നിരുന്നു. വീടുകളിൽ പ്രസവിക്കുന്നത് നിയമപ്രകാരം വിലക്കിയിട്ടില്ലാത്ത സാഹചര്യത്തിൽ ഇതു മുതലെടുത്ത് വീടുകളും ആരോഗ്യകേന്ദ്രങ്ങൾ അല്ലാത്ത രഹസ്യ സ്ഥലങ്ങളിലും പ്രസവങ്ങൾ നടക്കുന്നുണ്ട്. ഇത് അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ അപകടത്തിലാക്കുന്നു എന്നു ചൂണ്ടിക്കാട്ടി താനൂർ സ്വദേശി കൂടിയായ ആരോഗ്യപ്രവർത്തക ഡോ. കെ.പ്രതിഭ സർക്കാരിന് കത്തു നൽകിയിരുന്നു.
നാച്ചുറോപ്പതിയുടെ മറവിൽ ചിലരും വാക്‌സിൻ വിരുദ്ധ കൂട്ടായ്മക്കാരും വീട്ടുപ്രസവങ്ങളെ പ്രോത്സാഹിപ്പിക്കുന്നതായി ആരോപണമുണ്ട്. അക്യൂപംക്ചർ മേഖലയിലെ ഔദ്യോഗിക സംഘടനകൾ ഈ പ്രവണതയെ എതിർക്കുന്നുണ്ട്. സിസേറിയൻ കഴിഞ്ഞവർ, ആദ്യപ്രസവക്കാർ അടക്കം വീട്ടുപ്രസവങ്ങൾക്ക് വിധേയരാകുന്നതായി ജില്ലാ ആരോഗ്യ വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഗർഭകാലത്തിന്റെ തുടക്കം മുതൽ ആശുപത്രി സൗകര്യങ്ങൾ മനഃപൂർവ്വം വേണ്ടെന്ന് വയ്ക്കുന്നവരുണ്ട്. വാക്‌സിനേഷൻ, അയൺഫോളിക് ഗുളികകൾ, സ്‌കാനിംഗ് എന്നിവയ്ക്ക് തയ്യാറാവില്ല. പ്രസവമടുക്കുന്നത് വരെ സമീപത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ കാണിച്ചശേഷം പ്രസവത്തിന് ആശുപത്രികളെ ഒഴിവാക്കുന്ന കൂട്ടരുമുണ്ട്. ഗർഭിണിയുടെ വിവരങ്ങൾ അറിയാൻ എത്തുന്ന ആശാപ്രവർത്തകരെ തെറ്റിദ്ധരിപ്പിക്കും. നിർദ്ദേശങ്ങൾ അനുസരിക്കാനും ഇവർ തയ്യാറാവില്ല.വീട്ടുപ്രസവത്തിൽ ജനിക്കുന്ന കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ്പുകളും നൽകാറില്ല.
Discussion about this post