തിരുവനന്തപുരം: ചങ്ങനാശ്ശേരി മുക്ക് ജംഗ്ഷനിൽ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ച സംഭവത്തോടെ സംസ്ഥാനത്തെ കള്ള ടാക്‌സി ഉപയോഗം ചർച്ചയാവുകയാണ്. സ്വകാര്യ വാഹനങ്ങൾ ടാക്‌സിയായി ഓടുന്ന പ്രവണത വർദ്ധിച്ചെന്നാണ് കേരള ടാക്‌സി ഡ്രൈവേഴ്‌സ് അസോസിയേഷൻ ആരോപിത്തുന്നത്. വാഹനങ്ങൾ സ്വന്തം ആവശ്യങ്ങൾക്ക് എന്ന പേരിൽ രജിസ്റ്റർ ചെയ്ത് ടാക്‌സിയായും,ദിവസ,മാസ വാടകയ്ക്ക് നൽകുന്ന ഒട്ടേറെ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇത് കാരണം സർക്കാരിന്റെ എല്ലാ നിയമങ്ങളും,ജിപിഎസ്,സ്പീഡ് ഗവർണർ,നികുതി, ക്ഷേമനിധി തുടങ്ങി എല്ലാം പാലിച്ച് സർവ്വീസ് നടത്തുന്ന ടാക്‌സികൾക്ക് ഓട്ടം ലഭിക്കുന്നില്ലെന്നാണ് പരാതി.
ഇത് കൂടാതെ സ്വകാര്യവാഹനങ്ങളുടെ ഉപയോഗത്തിലും ആശങ്കകൾ ഉയരുന്നുണ്ട്. ബന്ധുവിന്റെയോ അടുത്ത സുഹൃത്തിന്റെയോ വാഹനം കൈമാറി ഉപയോഗിക്കാമോ ? ഇത് നിയമവിരുദ്ധമാണോ എന്നാണ് സംശയം.അത്യാവശ്യഘട്ടങ്ങളിൽ കാറുകൾ കൈമാറി ഉപയോഗിക്കുന്നതിൽ തെറ്റില്ല. എന്നാൽ എട്ടോ അതിലധികമോ സീറ്റുകളുള്ള വാഹനങ്ങൾ ഇങ്ങനെ കൈമാറരുത്. ചെറുകാറുകളാണെങ്കിലും സ്വകാര്യവാഹനങ്ങൾ കൈമാറി എപ്പോഴും ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. ദുരുപയോഗം നിയമവിരുദ്ധമാണ്. പ്രതിഫലനത്തിനായി കൈമാറുന്നതും നിയമവിരുദ്ധം.
അപകടം നടക്കുമ്പോൾ ഉടമ വാഹനത്തിലില്ലെങ്കിൽ ഇൻഷൂറൻസ് കമ്പനി നഷ്ടപരിഹാരത്തെ എതിർക്കാനിടയുണ്ട്. ഉടമയുടെ ആവശ്യത്തിന് വേണ്ടിയായിരുന്നു യാത്ര എന്ന് തെളിയിക്കേണ്ടി വരും.സ്വകാര്യവാഹനങ്ങൾ പ്രതിഫലം വാങ്ങി മറ്റൊരാളുടെ ഉപയോഗത്തിന് വിട്ടുകൊടുക്കുന്നത് പെർമിറ്റ് വ്യവസ്ഥകളുടെ ലംഘനമാണ്. ഇത്തരം ക്രമക്കേടുകൾ വേഗം കണ്ടെത്താനാകും. 6000 രൂപയാണ് പിഴ. പെർമിറ്റ്, ഫിറ്റ്‌നസ് ലംഘനങ്ങൾക്കാണ് കേസെടുക്കുക. ആവർത്തിച്ചാൽ പിഴത്തുക ഇരട്ടിക്കും. ആറുമാസത്തേക്ക് രജിസ്‌ട്രേഷൻ റദ്ദാക്കും. ഈ കാലയളവിൽ വാഹനം നിരത്തിലിറക്കിയാൽ രജിസ്‌ട്രേഷൻ റദ്ദാക്കി കണ്ടുകെട്ടും.
സംസ്ഥാനത്ത് ‘റെന്റ് എ കാർ’ ബിസിനസ് നിയമവിധേയമാണ്. ലൈസൻസോടെ പ്രവർത്തിക്കുന്ന ഒട്ടേറെ സ്ഥാപനങ്ങളുണ്ട്. വാഹനങ്ങൾ വേണമെങ്കിൽ അവിടെനിന്നും വാടകയ്ക്ക് എടുക്കാവുന്നതാണ്.
Discussion about this post