നമ്മുടെ അടുക്കളകളിലെ നിത്യ സാന്നിദ്ധ്യം ആണ് തക്കാളി. ഒട്ടുമിക്ക കറികളിലും ഈ പച്ചക്കറി ഉപയോഗിക്കാറുണ്ട്. പാകം ചെയ്യാതെ പച്ചയ്ക്കും തക്കാളി കഴിക്കാറുണ്ട്. തക്കാളി ജ്യൂസ് സ്ഥിരമായി കഴിക്കുന്നവർ തന്നെ നമ്മുടെ കൂട്ടത്തിൽ ഉണ്ടായിരിക്കും. ആരോഗ്യത്തിന് വളരെയധികം മികച്ചതായ പച്ചക്കറി കൂടിയാണ് ഇത്. തക്കാളി നിത്യേന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കുന്നു. മറ്റ് ആരോഗ്യപ്രശ്‌നങ്ങളിൽ നിന്നും നമ്മെ അകറ്റി നിർത്തുന്നു. മുഖ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിൽ തക്കാളിയ്ക്ക് വലിയ പങ്കാണ് ഉള്ളത്. തക്കാളി കഴിക്കുന്നതും അരച്ച് മുഖത്ത് പുരട്ടുന്നതും മുഖ കാന്തിയ്ക്ക് ഏറെ നല്ലതാണ്.
നിരവധി ഗുണങ്ങൾ ഉള്ള തക്കാളിയ്ക്ക് ഒരു ചെറിയ പ്രശ്‌നം കൂടിയുണ്ട്. അത് എന്താണ് എന്നല്ലേ?. തക്കാളി സൂക്ഷിക്കുക ഏറെ ശ്രമകരമായ കാര്യമാണ്. അതിവേഗം കേടുവന്നു പോകുന്ന പച്ചക്കറികളിൽ ഒന്നാണ് തക്കാളി. ഈ പ്രശ്‌നം മറികടക്കാൻ തക്കാളി ഫ്രിഡ്ജിൽ സൂക്ഷിക്കുകയാണ് ഭൂരിഭാഗം പേരും ചെയ്യാറുള്ളത്. എന്നാൽ തക്കാളി ഫ്രിഡ്ജിൽ സൂക്ഷിക്കരുതെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
തക്കാളി ഫ്രിഡ്ജിൽ വച്ചാൽ അതിന്റെ രുചി, ഗുണം, സ്വഭാവം എന്നിവയ്‌ക്കെല്ലാം മാറ്റം വരും. തണുപ്പിനോട് പ്രതികരിക്കുന്ന പ്രത്യേക തരം എൻസൈം തക്കാളിയിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടാണ് തക്കാളി ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ രുചിയിൽ വ്യത്യാസം ഉണ്ടാകുന്നത്. ഭക്ഷണങ്ങൾ സൂക്ഷിക്കുന്നതുകൊണ്ട് തന്നെ ഫ്രിഡ്ജിൽ മോശം ഗന്ധം ഉണ്ടാകുക സ്വാഭാവികം ആണ്. ഈ ഗന്ധം തക്കാളി വലിച്ചെടുക്കും. അതുകൊണ്ട് തന്നെ തക്കാളി ഫ്രിഡ്ജിന് പുറത്ത് സൂക്ഷിക്കുന്നതാണ് ഉത്തമം.
പഴുത്ത തക്കാളി ഫ്രിഡ്ജിന് പുറത്ത് അഞ്ച് ദിവസം കേടാകാതെ ഇരിക്കും. ഈ സമയത്തിനുള്ളിൽ ഉപയോഗിച്ചാൽ മതി.
Discussion about this post