ന്യൂഡൽഹി: പാശ്ചാത്യ രാജ്യങ്ങളിലെന്ന പോലെ നമ്മുടെ നാട്ടിലും ഇലക്ട്രിക് വാഹനങ്ങൾ എത്തിക്കഴിഞ്ഞു. റോഡിലേക്ക് ഒന്ന് നോക്കിയാൽ പച്ച നമ്പർ പ്ലേറ്റ് പിടിപ്പിച്ച നിരവധി വാഹനങ്ങളാണ് കാണാനായി സാധിക്കുക. ഇവയിലും എണ്ണത്തിൽ കൂടുതൽ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളാണ്. ഇന്ന് ഈ വാഹനങ്ങൾക്ക് പ്രിയമേറുന്നുണ്ട് എന്ന് തന്നെ പറയാം.
എന്നാൽ പുതിയ വാഹനങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവരിൽ പലരും ഇലക്ട്രിക് വാഹനങ്ങൾ തിരഞ്ഞെടുക്കാറില്ല എന്നതാണ് വാസ്തവം. വഴിയിൽ നിന്നുപോകുമോ എന്നുള്ള ഭയവും അമിത ചിലവും എല്ലാമാണ് ഇതിൽ നിന്നും ആളുകളെ അകറ്റുന്നത്. എന്നാൽ ഇതൊരു മിഥ്യാ ധാരണയാണ് എന്ന് വേണം പറയാൻ.
ഇന്ധന വാഹനങ്ങളുടെ ചിലവ് കണക്കാക്കുമ്പോൾ ഇലക്ട്രിക് വാഹനങ്ങളുടെ ചിലവ് വളരെ കുറവാണ്. ഇക്കാര്യത്തിൽ വാർഡ്വിസാർഡ് ഇന്നോവേഷൻസ് ആൻഡ് മൊബിലിറ്റി ലിമിറ്റഡ് പുറത്തിറക്കിയ നെമോ എന്ന ഇലക്ട്രിക് സ്‌കൂട്ടർ ഉപഭോക്താക്കളുടെ ശ്രദ്ധ ആകർഷിക്കുന്നുണ്ട്.
നെമോ സ്‌കൂട്ടറിന് ഒരു കിലോ മീറ്റർ സഞ്ചരിക്കാൻ വെറും 17 പൈസ മാത്രമാണ് ചിലവാകുന്നത്. ഇതാണ് ആളുകളുടെ ശ്രദ്ധപതിയാൻ കാരണം ആകുന്നത്. 99,000 രൂപ മാത്രം വിലയുള്ള ഈ സ്‌കൂട്ടറിന്റെ ഉയർന്ന വേഗം 65 കിലോമീറ്ററാണ്. ഇക്കോ, സ്‌പോർട്ട്, ഹൈപ്പർ എന്നീ മോഡലുകളിൽ വരുന്ന സ്‌കൂട്ടറിന് 150 ഗ്രാം ഭാരം വഹിക്കാനുള്ള ശേഷിയുണ്ട്. 1,500 വാട്ടിന്റെ ബിഎൽഡിസി മോട്ടോർ ആണ് ഈ വാഹനത്തിൽ വരുന്നത്. ലിഥിയം ബാറ്ററിയും ഉൾപ്പെടുത്തിയിരിക്കുന്നു.
72 വാട്ട് 40 ആമ്പിയർ ബാറ്ററി പായ്ക്ക് ഇക്കോ മോഡിൽ ഒറ്റചാർജിൽ 130 കിലോമീറ്റർ പിന്നിടാൻ അനുവദിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. സിൽവർ, വൈറ്റ് എന്നീ നിറങ്ങളിൽ ലഭ്യമാകും.
Discussion about this post