ലോകത്ത് പല ഭാഗങ്ങളിലും വിവാഹ മോചനങ്ങള്‍ നടക്കാറുണ്ട്. ഇത്തരത്തിൽ ദമ്പതികള്‍ തമ്മില്‍ വേര്‍പിരിയുമ്പോൾ പങ്കാളിക്ക് നഷ്ടപരിഹാരം നല്‍കുകയും ചെയ്യാറുണ്ട്. എന്നാല്‍, ഇപ്പോഴിതാ വ്യത്യസ്തമായ ഒരു വിവാഹമോചന കേസ് ആണ് ചർച്ചയാവുന്നത്.
ചൈനയില്‍ നിന്നാണ് അത്തരമൊരു അസാധാരണ കഥ ലോകമെങ്ങുമുള്ള സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ നേടുന്നത്. ഇവിടെ യുവതിക്ക് വിവാഹമോചനത്തിനായി പണം നല്‍കിയത് യുവതിയുടെ ഭർത്താവിന്റെ കാമുകിയാണ്. കാമുകന്‍റെ ഭാര്യയ്ക്ക് കാമുകി പണം നല്‍കിയെങ്കിലും പണം ലഭിച്ചതിന് പിന്നാലെ ഭാര്യ വിവാഹ മോചനത്തില്‍ നിന്നും പിന്മാറുകയായിരുന്നു. ഇതോടെ, തന്‍റെ പണം തിരിച്ച് തരണമെന്ന് ആവശ്യപ്പെട്ട് കാമുകി കോടതിയെ സമീപിച്ചു.
ഷി എന്ന് പേരുള്ള യുവതി തന്‍റെ കാമുകന്‍ ഹാനിന്‍റെ നിയമ പ്രകാരമുള്ള ഭാര്യയായ യാങിന് വിവാഹ മോചനത്തിനായി 12 ലക്ഷം യുവാന്‍, അതായത് 1.39 കോടി രൂപയാണ് നല്‍കിയത്. പക്ഷേ, പണം കൈയില്‍ കിട്ടിയപ്പോള്‍ യാങ്, ഹാനിനെ വിവാഹമോചനം ചെയ്യാന്‍ വിസമ്മതിച്ചു. ഇതിന് പിന്നാലെയാണ് ഷി, തന്‍റെ പണം തിരികെ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
2013 -ലാണ് ഹാന്‍, യാങിനെ വിവാഹം കഴിക്കുന്നത്. ഇരുവര്‍ക്കും രണ്ട് പെണ്‍മക്കളുമുണ്ട്. പക്ഷേ, ഇതിനിടെയാണ് ഹാന്‍, ഷിയുമായി പ്രണയത്തിലായത്. 2022 -ല്‍ ഷിയ്ക്കും ഹാനിനും ഒരു ആണ്‍കുഞ്ഞ് പിറന്നു. കുട്ടി ജനിച്ചതിന് പിന്നാലെ യാങുമായുള്ള ബന്ധം ഒഴിവാക്കി, ഹാനിനെ വിവാഹം ചെയ്യാന്‍ ഷി തീരുമാനിക്കുകയായിരുന്നു.
ഇതിനായി ഷി യാങിനെ പോയി കണ്ട് കാര്യം പറയുകയും വിവാഹ ബന്ധം ഒഴിഞ്ഞ് കഴിഞ്ഞാല്‍ രണ്ട് കോടി ഇരുപത്തിമൂന്ന് ലക്ഷം രൂപ നല്‍കാമെന്ന് ഷി വാഗ്ദാനം ചെയ്തു. ഷിയുടെ വാഗ്ദാനം യാങ് അംഗീകരിച്ചു. ഇതിന് പിന്നാലെ 2022 അവസാനം ആദ്യ ഗഡുവായ 1.39 കോടി രൂപ ഷി, യാങിന് നല്‍കിയത്.
പണം ലഭിച്ച് ഒരു വര്‍ഷം കഴിഞ്ഞെങ്കിലും യാങ് വിവാഹ മോചനത്തിന് തയ്യാറായില്ല. ഇതോടെ യുവതി വിഷയം കേസാക്കി.
എന്നാൽ, ഷിയുടെ വാഗ്ദാനവും പണം നല്‍കലും സാമൂഹിക മാര്യാദകള്‍ക്ക് വിരുദ്ധമാണെന്ന് കോടതി കണ്ടെത്തി. നിയമപ്രകാരം വിവാഹം കഴിച്ച് ജീവിക്കുന്നവരുടെ കുടുംബ ജീവിതം പണം നല്‍കി തകര്‍ക്കാനുള്ള ശ്രമമായിരുന്നു ഷിയുടേതെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. അതേസമയം ഹാനും യാങും വിവാഹ ബന്ധം ഒഴിയുന്നതിന് മുന്നോടിയായിയുള്ള കൂളിംഗ് ഓഫ് പിരീഡില്‍ ആണെന്നും അതിനാല്‍ പണം തിരികെ കൊടുക്കേണ്ടതില്ലെന്നും കോടതി വിധിച്ചു
Discussion about this post