പ്രാചീനകാലം മുതൽ ഏറെ പ്രചാരത്തിലുള്ള ഡ്രൈഫ്രൂട്ട്സുകളിൽ ഒന്നാണ് ഉണക്കമുന്തിരി. നിരവധി പോഷക ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഉണക്കമുന്തിരി ചില ആരോഗ്യപ്രശ്നങ്ങൾക്ക് ഔഷധമായും ഉപയോഗിക്കാറുണ്ട്. ധാരാളം നാരുകളും പോഷകങ്ങളും അടങ്ങിയിട്ടുണ്ട് എങ്കിലും മധുരവും പഞ്ചസാരയും കലോറിയും നിറഞ്ഞത് കൂടിയാണ് ഉണക്കമുന്തിരി എന്നുള്ളതിനാൽ ഇവയുടെ ഉപയോഗം ശ്രദ്ധയോടെയും പരിമിതമായും വേണം എന്നുള്ളതും ഓർക്കേണ്ടതാണ്. ഫൈബർ ഗുണങ്ങൾ കൂടാതെ ധാരാളം ആൻ്റിഓക്‌സിഡൻ്റുകളും ഉണക്കമുന്തിരിയിൽ അടങ്ങിയിട്ടുണ്ട്.
ഉണക്കമുന്തിരി തരം, നിറം, വലിപ്പം എന്നിവയെ അടിസ്ഥാനമാക്കി വ്യത്യാസപ്പെട്ടിരിക്കുന്നു. നിറത്തെ അടിസ്ഥാനമാക്കി പല ഉണക്കമുന്തിരികളും ആരോഗ്യഗുണങ്ങളിലും പോഷകഗുണങ്ങളിലും വ്യത്യാസമുണ്ടായിരിക്കും. അപ്പോൾ നിങ്ങളുടെ ആവശ്യകതകൾ അനുസരിച്ച് എങ്ങനെ ശരിയായ ഉണക്കമുന്തിരി തിരഞ്ഞെടുക്കാം എന്നുള്ളത് ശ്രദ്ധിക്കാം.
കറുത്ത ഉണക്കമുന്തിരി
ഉണക്കമുന്തിരികളിൽ ഏറ്റവും കൂടുതൽ പ്രചാരമുള്ള ഒന്നാണ് കറുത്ത നിറമുള്ള ഉണക്കമുന്തിരി.
കറുത്ത ഉണക്കമുന്തിരി ഇരുമ്പിൻ്റെയും മറ്റ് പോഷകങ്ങളുടെയും മികച്ച ഉറവിടമാണ്, ഇത് ശരീരത്തിന് ഊർജ്ജം നൽകുകയും രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. കറുത്ത ഉണക്കമുന്തിരിയിൽ അടങ്ങിയിരിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകൾ ശരീരത്തിൻ്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതാണ്. ദിവസം മൂന്നു മുതൽ അഞ്ചുവരെ കറുത്ത ഉണക്കമുന്തിരി കഴിക്കുന്നത് എല്ലുകൾക്ക് ബലം നൽകുമെന്നും ആരോഗ്യവിദഗ്ധർ സൂചിപ്പിക്കുന്നു.
പച്ച ഉണക്കമുന്തിരി
പച്ച ഉണക്കമുന്തിരി നേരിയ പച്ച നിറമുള്ളതും നീളമുള്ളവയുമാണ്. പച്ച മുന്തിരിയിൽ നിന്നാണ് ഇത് തയ്യാറാക്കുന്നത്. പച്ച ഉണക്കമുന്തിരിയിൽ ഇരുമ്പ്, ആൻ്റിഓക്‌സിഡൻ്റുകൾ, വിറ്റാമിൻ സി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ ശരീരത്തിന് ഊർജം നൽകുകയും മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു.
മഞ്ഞ ഉണക്കമുന്തിരി
മഞ്ഞ ഉണക്കമുന്തിരി അല്ലെങ്കിൽ സ്വർണ്ണ ഉണക്കമുന്തിരി കൂടുതൽ മധുരവും രുചിയും ഉള്ളതാണ്. ഇത് കാരണം ഭക്ഷണ പദാർത്ഥങ്ങളിൽ ഇവ വ്യാപകമായി ഉപയോഗിക്കുന്നു. മഞ്ഞ ഉണക്കമുന്തിരിയിൽ അടങ്ങിയിരിക്കുന്ന സ്വാഭാവിക പഞ്ചസാര രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമായി നിലനിർത്താൻ സഹായിക്കുന്നു. ഒപ്പം ദഹനം മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കുന്നു.
ചുവന്ന ഉണക്കമുന്തിരി
ചുവന്ന മുന്തിരിയിൽ നിന്നാണ് ചുവന്ന ഉണക്കമുന്തിരി നിർമ്മിക്കുന്നത്. മധുരവും പുളിയുമുള്ള രുചിയാണ് ഇവയ്ക്കുള്ളത് . വിറ്റാമിൻ സി, കാൽസ്യം, ഇരുമ്പ്, പൊട്ടാസ്യം, നാരുകൾ, മറ്റ് അവശ്യ പോഷകങ്ങൾ എന്നിവ ഇതിൽ ധാരാളമായി കാണപ്പെടുന്നു. ദഹനവ്യവസ്ഥയെ ആരോഗ്യകരമാക്കുന്നതിനും എല്ലുകളെ ശക്തിപ്പെടുത്തുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഈ പോഷകങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു . ഇതുകൂടാതെ, ചുവന്ന ഉണക്കമുന്തിരി ഹൃദയാരോഗ്യത്തിന് ഗുണകരമാണെന്നും കണക്കാക്കപ്പെടുന്നു.
Discussion about this post