സംഭൽ : ഉത്തർപ്രദേശിലെ ഭസ്മ ശങ്കർ ക്ഷേത്രത്തിലെ കിണറ്റിൽ വിഗ്രഹങ്ങൾ കണ്ടെത്തി. നീണ്ട 46 വർഷത്തിന് ശേഷം ക്ഷേത്രം തുറന്നപ്പോഴാണ് വിഗ്രഹങ്ങൾ കണ്ടെത്തിയത്. ഖഗ്ഗു സാരായ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലെ കിണറ്റിൽ 12 അടിയോളം താഴ്ചയിൽ കുഴിച്ചപ്പോൾ ഭാഗികമായി തകർന്ന പാർവതി, ഗണേശ, ലക്ഷ്മി വിഗ്രഹങ്ങളാണ് കണ്ടെത്തിയത്. തകർത്തശേഷം കിണറ്റിലിട്ടതാണോ കിണറ്റിലിട്ടപ്പോൾ തകർന്നതാണോ എന്നതൊക്കെ അന്വേഷണത്തിൽ വ്യക്തമാകേണ്ടതാണെന്ന് ജില്ല മജിസ്‌ട്രേറ്റ് രാജേന്ദർ പെൻസിയ പറഞ്ഞു.
1978ൽ വർഗീയ കലാപത്തെ തുടർന്നാണ് ക്ഷേത്രം പൂട്ടിയത്. ക്ഷേത്രത്തിന്റെയും കിണറിന്റെയും കാലപ്പഴക്കം നിശ്ചയിക്കാൻ കാർബൻ ഡേറ്റിങ് പരിശോധനക്കായി ജില്ല ഭരണകൂടം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് കത്തെഴുതിയിരുന്നു. ഭക്തർ ക്ഷേത്രം സന്ദർശിക്കാൻ തുടങ്ങിയിട്ടുണ്ട്. പൂജകളും ആരംഭിച്ചു. ഇവിടെ സുരക്ഷ ജീവനക്കാരെ നിയമിക്കുകയും സി.സി.ടി.വി കാമറകൾ സ്ഥാപിക്കുകയും ചെയ്തു.
നേരത്തെ, സംഘർഷങ്ങൾ നിലനിൽക്കെ, പൊതു ഇടങ്ങളിലെ അനധികൃത നിർമാണങ്ങൾ ഒഴിപ്പിക്കാൻ ജില്ലാ ഭരണകൂടം കയ്യേറ്റ വിരുദ്ധ യജ്ഞം ആരംഭിച്ചിരുന്നു.നവംബർ 24 ന് സംബാലിലെ മുഗൾ കാലഘട്ടത്തിലെ ഒരു പള്ളിയിൽ കോടതി ഉത്തരവിട്ട സർവേയ്ക്കിടെ പ്രതിഷേധക്കാർ സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടിയതിനെ തുടർന്ന് അക്രമം പൊട്ടിപ്പുറപ്പെട്ടു. അക്രമത്തിൽ നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
Discussion about this post