പത്തനംതിട്ട: ക്ഷേത്രത്തിൽ നിന്നും ആളുമാറി ശാന്തിക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തതായി പരാതി. മോഷണക്കേസിലാണ് കീഴ്ശാന്തിയെ കസ്റ്റഡിയിലെടുത്തത്. കോന്നി, മുരിങ്ങമംഗലം ക്ഷേത്രത്തിലെ കീഴ്ശാന്തി വിഷ്ണുവിനെയാണ് ക്ഷേത്രത്തിൽ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തത്.
ചൊവ്വാഴ്ചയാണ് സംഭവം. ഇരവിപുരം പോലീസ് വിളിച്ചുകൊണ്ട് പോയ വിഷ്ണുവിനെ രാത്രി മുഴുവൻ സ്‌റ്റേഷനിൽ ഇരുത്തിയ ശേഷം, ആളുമാറിയെന്ന് മനസിലായതോടെ, പിറ്റേ ദിവസമാണ് വിട്ടയച്ചത്. കഴിഞ്ഞ ദിവസം ദീപാരാധനയ്ക്ക് ശേഷമാണ് വിഷ്ണുവിനെ അന്വേഷിച്ച് പോലീസ് ക്ഷേത്രത്തിലെത്തിയത്. തുടർന്ന് മോഷണക്കേസിൽ കസ്റ്റഡിയിലെടുക്കുകയാണെന്ന് ക്ഷേത്രം ഭാരവാഹികളെ അറിയിച്ച ശേഷം വിഷ്ണുവിനെ കൊണ്ടുപോവുകയായിരുന്നു. പിന്നീട് പിറ്റേന്ന് ഉച്ചയോടെയാണ് യുവാവിനെ വിട്ടയച്ചത്.
ഒരു മാസം മുമ്പ് കൊല്ലം പൂതക്കാട് ദേവീക്ഷേത്രത്തിൽ നടന്ന മോഷണത്തിൽ ഭാരവാഹികൾ പോലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിക്കൊപ്പം, മോഷണം നടത്തിയ ആളുമായി സാദൃശ്യമുണ്ടെന്ന തരത്തിൽ വിഷ്ണുവിന്റെ ഫോട്ടോയും പോലീസിന് കൈമാറിയിരുന്നു. ഈ ഫോട്ടോയുടെ അടിസ്ഥാനത്തിലാണ് പോലീസ് വിഷ്ണുവിനെ കസ്റ്റഡിയിലെടുത്തത്.
കേസുമായി വിഷ്ണുവിന് ബന്ധമൊന്നും ഇല്ലെന്ന് പൂതക്കാട് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചതോടെയാണ് പോലീസ് യുവാവിനെ വിട്ടയച്ചത്. അതേസമയം, അത്താഴപൂജകൾ ഉൾപ്പെടെ ബാക്കി നിൽക്കേയാണ് കീഴ്ശാന്തിയെ പോലീസ് കൊണ്ടുപോയതെന്നും ഇത് ക്ഷേത്ര ചടങ്ങുകളെ ബാധിച്ചുവെന്നും ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.
Discussion about this post