എല്ലാ വീടുകളിലും ഷോപ്പിംഗിനിടെ മറക്കാതെ വാങ്ങുന്ന ഒന്നാണ് ബാത്ത്‌റൂം ഫ്രഷ്‌നേഴ്‌സ്. ബാത്ത്‌റൂമുകളിലെ ദുർഗന്ധം നമ്മെ വളരെയധികം ബുദ്ധിമുട്ടിക്കുന്നത് തന്നെയാണ് ഇവയ്ക്കുള്ള ഡിമാൻഡിനുള്ള പ്രധാന കാരണം. വീട്ടിലേക്ക് അതിഥികൾ വരുമ്പോൾ നാണക്കേടിൽ നിന്നും രക്ഷപ്പെടാൻ ആദ്യം ആലോചിക്കുക ബാത്ത്‌റൂമിന്റെ ഈ ദുർഗന്ധത്തെ കുറിച്ചാണ്. ദുർഗന്ധം മാറ്റാനായി ബാത്ത്‌റൂം ഫ്രഷ്‌നേഴ്‌സ് വാങ്ങണമെങ്കിൽ വലിയ വിലയാണ് കൊടുക്കേണ്ടത്…
എന്നാൽ, നമ്മുടെ അടുക്കളയിലും മുറ്റത്തുമൊക്കെയുള്ള ചില സാധനങ്ങൾ കൊണ്ട് തന്നെ നമുക്ക് ബാത്ത്‌റൂമിലെ ദുർഗന്ധം അകറ്റാനാവും. ഇതിലൊന്നാണ് പുതിന. നമ്മളിൽ പലരുടെ വീടിന്റെയും മുറ്റത്ത് ഉണ്ടാവുന്ന ഒരു ചെടിയാണ് പുതിന. വീട്ടിൽ വളർത്താറില്ലെങ്കിലും പുതിന ഇല്ലാത്ത അടുക്കളകൾ കുറവായിരിക്കും. ഈ പുതിന ഉപയോഗിച്ച് നമുക്ക് ബാത്ത്‌റൂമിന്റെ ദുർഗന്ധം അകറ്റാം…
എങ്ങനെയാണെന്നല്ലേ… ഈ പുതിന ഇല ഗ്രമ്പൂവിനൊപ്പം ചതച്ചെടുത്ത് ബാത്ത്‌റൂമിൽ വച്ചാൽ മതി. ദുർഗന്ധം പാടേ പോവും. ഇനി ഇവയില്ലെങ്കിൽ, ഓറഞ്ചിന്റെ തൊലിയും കർപ്പൂരവും ചേർത്ത് പൊടിച്ച് ബാത്ത്‌റൂമിന്റെ ജനലിൽ വക്കുന്നതും ദുർഗന്ധമകറ്റാൻ സഹായിക്കും. ചെറുനാരങ്ങ കഷ്ണങ്ങളാക്കി വയ്ക്കുന്നതും നല്ലതാണ്. ബേക്കിംഗ് സോഡയും ബാത്ത്‌റൂമിന്റെ ദുർഗന്ധമകറ്റാൻ സഹായിക്കും.
എന്നാൽ, ഇങ്ങനെയുള്ള പ്രതിവിധികൾ എല്ലാം ചെയ്താലും ബാത്ത്‌റൂം വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ എന്ത് ചെയ്താലും ദുർഗന്ധം മാറില്ലെന്ന് മനസിലാക്കുക. മാത്രമല്ല, ബാത്ത്‌റൂം വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ അണുക്കൾ പെരുകാനും പലതരത്തിലുള്ള രോഗങ്ങൾ വരാനും കാരണമാകും. ഉപ്പും വിനാഗിരിയും ഉപയോഗിച്ച് കഴുകുന്നത് ബാത്ത്‌റൂമിലെ അണുക്കൾ ഇല്ലാതാവുന്നതിനും ദുർഗന്ധം പോവാനും സഹായിക്കും.
Discussion about this post