കൊച്ചി: കളമശേരി നഗരസഭയിലെ നാല് ഡിവിഷനുകളിൽ മഞ്ഞപ്പിത്തം പടരുന്നു. കുട്ടികളും സ്ത്രീകളുമുൾപ്പെടെ അൻപതോളംപേർ ചികിത്സയിൽ. ഒരാൾ ഗുരുതരാവസ്ഥയിലാണ്. 10 മുതൽ 13 വരെ ഡിവിഷനുകളിലാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്.മഞ്ഞപ്പിത്തം വ്യാപിച്ചതിനെ തുടർന്ന് നഗരസഭാ ആരോഗ്യ വിഭാഗം അടിയന്തരയോഗം വിളിച്ചു. രോഗവ്യാപനം തടയുന്നതിനായുള്ള പ്രതിരോധ നടപടികളും ആരംഭിച്ചിട്ടുണ്ട്.
കാക്കനാട് സീപോർട്ട്-എയർപോർട്ട് റോഡിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിച്ച പലർക്കും മഞ്ഞപ്പിത്തം പിടിപെട്ടതായി പരാതി ഉയർന്നിട്ടുണ്ട്. ആരോഗ്യ വിഭാഗം ഈ പ്രദേശങ്ങളിൽ പരിശോധന നടത്തുകയും ഹോട്ടലുകൾക്കു നോട്ടീസ് നൽകുകയും ചെയ്തു. വെള്ളം, ഐസ് എന്നിവയിലൂടെ രോഗം പകർന്നതായാണ് ഇതിൽനിന്ന് വ്യക്തമാകുന്നത്. മുപ്പത്തിലധികം പേർക്ക് രോഗ ലക്ഷണങ്ങളുണ്ട്. രോഗവ്യാപനം തടയുന്നതിനായുള്ള പ്രതിരോധ നടപടികളുടെ ഭാ?ഗമായി സൂപ്പർ ഡ്രൈവ് ആരംഭിച്ചതായി കളമശ്ശേരി നഗരസഭാ ചെയർപേഴ്‌സൺ പറഞ്ഞു.
10ാം ഡിവിഷൻ പെരിങ്ങഴയിൽ രണ്ട് കുട്ടികളുൾപ്പെടെ 20 പേർക്കാണ് രോഗം റിപ്പോർട്ട് ചെയ്തത്. 11-ാം ഡിവിഷൻ പൈപ്പ്ലൈൻ ഭാഗത്ത് നാലുപേരും 12 എച്ച്.എം.ടി എസ്റ്റേറ്റ് ഡിവിഷനിൽ 21 പേരും 13 കുറൂപ്രയിൽ രണ്ടുപേരും ചികിത്സ തേടി. വിട്ടുമാറാത്ത പനി, ഛർദി, തലകറക്കം, ക്ഷീണം, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങളോടെയാണ് മിക്കവരും ആശുപത്രിയിലെത്തിയത്.
Discussion about this post