കോഴിക്കോട്: ചികിത്സയിൽ കഴിയുന്ന പ്രശസ്ത സാഹിത്യകാരൻ എംടി വാസുദേവൻ നായരെ ആശുപത്രിയിൽ എത്തി കണ്ട് എംഎൻ കാരശ്ശേരി. അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിലാണ് കാരശ്ശേരി ആശുപത്രിയിൽ എത്തി എംടിയെ കണ്ടത്. രണ്ട് ദിവസം മുൻപാണ് എംടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്ന് എം.എൻ കാരശ്ശേരി മാദ്ധ്യമങ്ങളോട് പറഞ്ഞു.
നിലവിൽ തീവ്രപരിചരണ വിഭാഗത്തിലാണ് എംടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. രണ്ട് ദിവസങ്ങൾക്ക് മുൻപ് അദ്ദേഹത്തിന് ശ്വാസ തടസ്സം അനുഭവപ്പെട്ടിരുന്നു. ഇതേ തുടർന്നായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വസതടസ്സവുമായി ബന്ധപ്പെട്ട ആരോഗ്യാവസ്ഥ മെച്ചപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും ആരോഗ്യനിലയിൽ പുരോഗതിയില്ലാതെ തുടരുകയാണ്. ഓക്‌സിജൻ മാസ്‌ക് വച്ച് കണ്ണടച്ച് കിടക്കുകയാണ്.
എംടിയുടെ തോളിൽ തട്ടി വിളിച്ചു. എംഎൻ കാരശ്ശേരിയാണ് താനെന്ന് പറഞ്ഞു. എന്നാൽ ഇതിനോട് അദ്ദേഹം പ്രതികരിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ശരീരത്തിൽ ഓക്‌സിജൻ കുറവാണെന്നാണ് ഡോക്ടർ പറഞ്ഞത്. നിലവിൽ ഒന്നും പറയാൻ കഴിയാത്ത അവസ്ഥ. അദ്ദേഹത്തിന്റെ മക്കളുമായി സംസാരിച്ചുവെന്നും കാരശ്ശേരി കൂട്ടിച്ചേർത്തു. നിലവിൽ ബേബി മൊമ്മോറിയൽ ആശുപത്രിയിൽ ആണ് എംടി ചികിത്സയിൽ കഴിയുന്നത്.
Discussion about this post