വയനാട്: ഒരു നാടിനെയാകെ പിടിച്ചുലച്ച ദുരന്തമായിരുന്നു വയനാട്ടിലെ മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം. ദുരന്തത്തിൽ പെട്ടവർക്ക് പൂർണമായി അവരുടെ നഷ്ടം നികത്താനാവില്ലെങ്കിലും അവരുടെ ഇനിയുള്ള ജീവിതത്തിന് എല്ലാവിധ പിന്തുണയും കൊടുക്കുമെന്ന് സർക്കാർ ആ സമയം വലിയ വാഗ്ദാനങ്ങളെല്ലാം നൽകിയിരുന്നു. എന്നാൽ, ഉരുൾപൊട്ടലിൽ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട് ജീവിതത്തിൽ സ്വരുക്കൂട്ടിയതെല്ലാം ഉരുളെടുത്തവർക്ക് ഇപ്പോഴും ജീവിക്കാനുള്ള സാഹചര്യം സർക്കാരിന് ഒരുക്കാൻ കഴിഞ്ഞിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്.
ഇപ്പോഴിതാ, ദുരന്തത്തിലെ പുനരധിവാസ കരട് പട്ടികയിലെ അപാകതകൾ തെളിവു സഹിതം ചൂണ്ടിക്കാട്ടി പരാതിയുമായി ദുരന്തബാധിതർ തന്നെ മുന്നോട്ട് വന്നിരിക്കുകയാണ്. പട്ടികയിൽ അർഹരായ പലയാളുകളുടെയും പേരുകൾ ഉൾപ്പെടുത്തിയിട്ടില്ലെന്ന് ദുരന്തബാധിതർ ആരോപിക്കുന്നു. പലരുടെയും പേരുകൾ ഒന്നിലേറെ തവണ വന്നിട്ടുണ്ടെന്നും ഇവർ പറയുന്നു. ഇത് സംബന്ധിച്ച് കരട് പട്ടികയ്‌ക്കെതിരെ എൽഎസ്‌ജെഡി ജോയിന്റ് ഡയറക്ടർക്ക് പരാതി നൽകുമെന്നും ദുരന്തബാധിതർ അറിയിച്ചു.
ദുരന്തം നടന്ന് അഞ്ച് മാസം പിന്നിടുകയാണ്. ഇത്രയും സമയമെടുത്ത് തയ്യാറാക്കിയ പട്ടികയിലാണ് ഇത്രയേറെ അപാകതകളുള്ളത്. ഇപ്പോഴും വളരെയധികം ബുദ്ധിമുട്ടുകളിലൂടെയാണ് മുണ്ടക്കെയിലെ ഓരോ ആളുകളും കടന്നുപോവുന്നത്. വീടുകൾ പൂർണമായും നഷ്ടപ്പെട്ടവരയാണ് ഒന്നാം പട്ടികയിൽ ഉൾപ്പെടുത്തിയത് എന്നാണ് അധികൃതർ പറഞ്ഞത്. എന്നാൽ, പൂർണമായും വീട് നഷ്ടപ്പെടാത്ത പലരുടെയും പേരുകൾ പട്ടികയിലുണ്ട്. അതേസമയം, അർഹരായ പലരുടെയും പേരുകൾ ഇതിൽ പെട്ടിട്ടുമില്ല. പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് പഞ്ചായത്ത് മെമ്പർമാരോട് ചോദിച്ചില്ലെന്നും നിലവിലെ അപാകതകൾ പരിഹരിച്ച് അന്തിമ പട്ടിക തയ്യാറാക്കണെമന്നും ദുരന്തബാധിതർ ആവശ്യപ്പെടുന്നു.
388 കുടുംബങ്ങളെയാണ് ഒന്നാംഘട്ട പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ടൗൺഷിപ്പിനുള്ള കരട് പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളത്. എന്നാൽ, താമസയോഗ്യമല്ലെന്നു പല പഠനങ്ങളും തെളിയിച്ചിട്ടുള്ള സ്ഥലത്ത് തന്നെ ടൗൺഷിപ്പ് ഉണ്ടാക്കിയാൽ, തങ്ങൾക്ക് സമാധാനത്തോടെ ജീവിക്കാൻ കഴിയുമെന്ന് തോന്നുന്നുണ്ടോ എന്നും ഇവർ ചോദിക്കുന്നു. വാടക വീടുകളിൽ താമസിക്കുന്നവർക്ക് വാടക പോലും താങ്ങാൻ കഴിയവത്ത അവസ്ഥയാണെന്നും ദുരന്തബാധിതർ വ്യക്തമാക്കുന്നു.
Discussion about this post