കൊച്ചി: 2002 ൽ വിനയന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ. ജയസൂര്യ,ഇന്ദ്രജിത്,കാവ്യാ മാധവൻ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിനിടെ ഉണ്ടായ ചില സംഭവങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് അന്ന് ക്രൂ അംഗം ആയിരുന്ന പിൻകാലത്ത് സംവിധായകനായ ജിസ് ജോയ്. ചിത്രത്തിൽ ജയസൂര്യയുടെ കഥാപാത്രം ഊമയാണ്. എന്നാൽ ചിത്രത്തിലെ മറ്റ് വേഷങ്ങൾക്ക് ജയസൂര്യ ഡബ്ബ് ചെയ്തെന്നും അന്ന് കൂടെയുണ്ടായിരുന്ന താനും ഡബ്ബിംഗിൽ ഉൾപ്പെട്ടെന്നും സംവിധായകൻ ജിസ് ജോയ് പറഞ്ഞു. സിനിമയിലെ ഇരുപത്തിയൊന്നോളം കഥാപാത്രങ്ങൾക്ക് ഞങ്ങളാണ് ശബ്ദം നൽകിയതെന്ന് അദ്ദേഹം പറയുന്നു.
ജിസ് ജോയുടെ വാക്കുകൾ
‘ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായതിന് ശേഷം ഡബ്ബിംഗ് ആരംഭിച്ചു. ഷൂട്ടിംഗ് ലൊക്കേഷനിൽ ഓരോ ദിവസവും ഞാനും ജയസൂര്യയും ഉണ്ട്. ഷൂട്ടിംഗ് കൂടുതലും നടന്നത് ഗുരുവായൂരിലാണ്. പാട്ട് സീൻ ഊട്ടിയിലാണ് ചിത്രീകരിച്ചത്. ഡബ്ബിംഗ് നടക്കുന്നത് തിരുവനന്തപുരത്തുള്ള നവോദയ എന്ന സ്റ്റുഡിയോയിലാണ്. ഇന്ന് ആ സ്റ്റുഡിയോ ഇല്ല. ചിത്രത്തിലെ ഹീറോ ജയസൂര്യയാണ്. സ്വാഭാവികമായി ഞാൻ അന്ന് ജയസൂര്യയുടെ കൂടെയുണ്ട്. ഒന്നോ രണ്ടോ ഷോർട്ട് ഫിലിം ഞാൻ ആ സമയത്ത് ഡബ്ബ് ചെയ്തിട്ടുണ്ട്. ഒന്ന് രണ്ട് സീരിയലുകളും ചെറുതായി ചെയ്തിട്ടുണ്ട്.അങ്ങനെ ഞാനും ജയസൂര്യയും കൊച്ചിയിൽ നിന്ന് ട്രെയിൻ കയറി തിരുവനന്തപുരത്തെ നവോദയ സ്റ്റുഡിയോയിലേക്ക് ചെല്ലുന്നു. ചിത്രത്തിൽ നായകനായ ജയസൂര്യ ഊമയാണ്.
സാധാരണ ഒരു നായക നടന് രണ്ട് ദിവസം വരെ വേണ്ടിവരും ഡബ്ബിംഗ് പൂർത്തിയാക്കാൻ. എന്നാൽ ഒമ്പതരയ്ക്ക് ആരംഭിച്ച ഡബ്ബിംഗ് പതിനൊന്ന് മണിയായപ്പോൾ തീർന്നു. പല രംഗങ്ങളിലും ഊമയുടെ ശബ്ദങ്ങൾ പുറപ്പെടുവിച്ചാൽ മാത്രം മതി. ക്ലൈമാക്‌സിൽ മാത്രമാണ് ഒരു അലർച്ചയൊക്കെയുള്ളത്. ഇവർ ആണെങ്കിൽ അന്ന് ഫുൾ നായകന് വേണ്ടി സ്റ്റുഡിയോ ബ്ലോക്ക് ചെയ്തിട്ടിരിക്കുകയാണ്. വെറെ ആരെയും അന്ന് വിളിച്ചിട്ടില്ല.അങ്ങനെ ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടർമാർ ചോദിക്കുകയാണ്, നിങ്ങൾ ആർക്കെങ്കിലും ഡബ്ബ് ചെയ്യുമോ എന്ന്.
അങ്ങനെ ജയസൂര്യ ആദ്യം ഒരാൾക്ക് ഡബ്ബ് ചെയ്യുന്നത്. അപ്പോഴാണ് ജയൻ പറയുന്നത് ‘ഞാൻ ഡബ്ബിംഗ് ആർട്ടിസ്റ്റായിരുന്നു എന്ന്. ഇതോടെ ജയസൂര്യ ചിത്രത്തിലെ 12 പേർക്ക് ഡബ്ബ് ചെയ്തു. പിന്നെ ജയസൂര്യ എന്നെ നോക്കി കൂട്ടുകാരനും ഡബ്ബിംഗ് ആർട്ടിസ്റ്റാണ്, അവനും ചെയ്യും എന്ന് പറഞ്ഞു. ഫെഫ്കയും അസോസിയേഷനും ഒക്കെയുള്ളത് കൊണ്ട് ഇന്നാണ് ഇങ്ങനെയൊക്കെ ചെയ്തതെങ്കിൽ അന്ന് അസോസിയേഷനിൽ നിന്ന് പുറത്താക്കും. കാരണം 21 പേരുടെ ജോലിയാണ് ഞങ്ങൾ അന്ന് കളഞ്ഞത്. ആകെ 21 പേർക്ക് ഞാനും ജയസൂര്യയും ഡബ്ബ് ചെയ്തു. ഇന്ന് നിങ്ങൾ ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ എന്ന ചിത്രം കാണുമ്പോൾ ജയസൂര്യയുടെ ശബ്ദം നിങ്ങൾക്ക് മനസിലാവും. അല്ലു അർജുന് ഞാൻ ശബ്ദം നൽകുന്നത് കൊണ്ട് നിങ്ങൾക്ക് എന്റെ ശബ്ദവും മനസിലാകും’- ജിസ് ജോയ് പറഞ്ഞു. അന്ന് തങ്ങളുടെ രണ്ട് പേരുടെയും ശബ്ദം ആര്‍ക്കും അറിയില്ലായിരുന്നു. ഇന്ന് ആ സിനിമ ടിവിയില്‍ കാണുമ്പോള്‍ ചിരിച്ച് മരിക്കും, കാരണം വരുന്നവര്‍ക്കും പോകുന്നവര്‍ക്കും തമിഴ് പറയുന്നവനും മലയാളം പറയുന്നവനുമെല്ലാം ഡബ്ബ് ചെയ്തത് താനും ജയനും ചേര്‍ന്നാണെന്ന് സംവിധായകൻ പറയുന്നു.
സിനിമയ്ക്ക് വേണ്ടി സൈൻ ലാംഗ്വേജ് പഠിക്കാൻ ജയസൂര്യയ്‌ക്കൊപ്പം യാത്ര ചെയ്തിരുന്നുവെന്നും അക്കാലത്താണ് കാവ്യയെ പരിചയപ്പെട്ടതെന്നും ജിസ് ജോയ് ഓർത്തു.
Discussion about this post