ഡയറ്റിംഗിന്റെയും ശരീര സൗന്ദര്യത്തിനുള്ള വ്യായാമ മുറകളുടേയും അതിപ്രസരമുള്ള ഒരു കാലത്താണ് നാമിപ്പോഴുള്ളത്. പല രീതിയിലുള്ള ഡയറ്റിംഗാണ് ശരീരഭാരം കുറയ്ക്കാനും ശരീരത്തിന്റെ ആകൃതി സുന്ദരമാക്കാനും ഇന്ന് പിന്തുടരുന്നത്. എന്നാൽ അതിനൊപ്പം തന്നെ ആവശ്യത്തിനു ഭക്ഷണം കഴിക്കുക എന്ന സ്വഭാവവും ഇല്ലാതാകുന്നതായി നിഗമനങ്ങൾ ഉണ്ട്. കാര്യമായ ക്ഷീണവും മറ്റ് ശാരീരിക അസ്വസ്ഥതകളുമാണ് ഇതിന്റെ ഭാഗമായി ഉണ്ടാകുക. നമ്മൾ ആവശ്യത്തിനു ഭക്ഷണം കഴിക്കുന്നില്ല എങ്കിൽ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് അറിഞ്ഞ് വെക്കുന്നത് നല്ലതാണ്.
എപ്പോഴുമുള്ള ക്ഷീണവും മടിയും
ഒരു ശരാശരി മനുഷ്യന് ദിവസവും 2000 കലോറി ലഭ്യമാകുന്ന ഭക്ഷണം കഴിക്കണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിക്കുന്നത്. ഇത് കഴിക്കാതിരുന്നാൽ അത് ശരീരത്തിന്റെ എനർജിയെ ബാധിക്കും. ദിവസം മുഴുവൻ ഓജസ്സോടെ ഇരിക്കാൻ ഇത്രയും കലോറി ആവശ്യമുണ്ട്. അത് സാദ്ധ്യമായില്ലെങ്കിൽ നല്ല ക്ഷീണം ഉണ്ടാകും.
മുടി കൊഴിച്ചിൽ
ആവശ്യത്തിനു ഭക്ഷണം കഴിച്ചില്ലെങ്കിൽ മുടി കൊഴിച്ചിലുണ്ടാകുമെന്നാണ് പഠനങ്ങൾ പറയുന്നത്. പ്രോട്ടീൻ, ബയോട്ടിൻ, അയൺ, തുടങ്ങിയ ധാതുക്കൾ ആവശ്യമായ അളവിൽ ശരീരത്തിൽ എത്തിയില്ലെങ്കിൽ മുടി കൊഴിച്ചിലുണ്ടാകും. ആഹാരം കൃത്യമായി കഴിക്കാത്തതിനെ തുടർന്നാണ് ഈ അവസ്ഥ ഉണ്ടാകുന്നത്.
എപ്പോഴുമുള്ള വിശപ്പ്
ഇടയ്ക്കിടെ വിശക്കുന്നുണ്ടെങ്കിൽ നിങ്ങൾ മനസ്സിലാക്കുക. ആവശ്യത്തിനു ഭക്ഷണം കഴിക്കാത്തതാണ് കാരണം. ആവശ്യമുള്ള കലോറി ഭക്ഷണം ഉൾപ്പെടാതിരുന്നാൽ ഈ വിശപ്പ് കാലക്രമേണ കുറയുകയും ചെയ്യും. പിന്നീട് ശരീരം അതിനനുസരിച്ച് മാറുകയും ചെയ്യുമെന്നും പഠനങ്ങൾ പറയുന്നു.
ഗർഭധാരണം വൈകുക
ശരീരത്തിന് ആവശ്യമായ ഭക്ഷണം ലഭ്യമായില്ലെങ്കിൽ അത് വിവിധ തരം ഹോർമോണുകളുടെ കുറവിനു വഴി തെളിക്കും. ഗർഭിണിയാകാനാഗ്രഹിക്കുന്നവർക്ക് അത് വൈകാനുള്ള സാഹചര്യവും ഇത് മൂലമുണ്ടാകും.
മാനസിക നിലയിലുണ്ടാകുന്ന മാറ്റം
ആവശ്യത്തിനു ഭക്ഷണം കഴിച്ചില്ലെങ്കിൽ അത് മനസ്സിനെ നെഗറ്റീവായി ബാധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. അകാരണമായുണ്ടാകുന്ന ദേഷ്യവും സങ്കടവുമൊക്കെ ഭക്ഷണം കുറയുന്നത് കൊണ്ടും ഉണ്ടാകാൻ സാദ്ധ്യതയുണ്ട്.
എപ്പോഴും തണുക്കുന്നതായി തോന്നുക
ശരീരത്തിന് നിശ്ചിത കലോറി എപ്പോഴും ആവശ്യമാണ്. ഉപാപചയ പ്രവർത്തനങ്ങൾ കൃത്യമായി നടന്നാൽ മാത്രമേ ശരീരത്തിന് ആവശ്യമായ ചൂട് നിലനിർത്താൻ കഴിയുകയുള്ളൂ. ഭക്ഷണം കഴിക്കാതിരുന്നാൽ സ്വാഭാവികമായും ഇത് കുറയുകയും എപ്പോഴും തണുക്കുന്നതായി തോന്നുകയും ചെയ്യും.
മലബന്ധം
ഭക്ഷണത്തിന്റെ അളവ് കുറഞ്ഞാൽ അത് ദഹന വ്യവസ്ഥയേയും വിസർജ്ജന വ്യവസ്ഥയേയും ബാധിക്കുകയും അങ്ങനെ മലബന്ധത്തിന് കാരണമാവുകയും ചെയ്യുന്നു. മുറുകിയ രീതിയിലുള്ള മല വിസർജ്ജനവും അതിനൊപ്പം മറ്റസുഖങ്ങൾക്കും ഇത് കാരണമാകുന്നു.
എപ്പോഴും അസുഖങ്ങൾ പിടികൂടുക
നിരന്തരം അസുഖങ്ങൾ പിടിപെടുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക. അത് ഭക്ഷണത്തിന്റെ കുറവ് മൂലവും ഉണ്ടാകാൻ സാദ്യ്്തയുണ്ട്. മനുഷ്യന് ആവശ്യമായ ധാതുക്കൾ ലഭിച്ചില്ലെങ്കിൽ അത് പ്രതിരോധ വ്യവസ്ഥയെ ബാധിക്കുകയും അസുഖങ്ങൾ ഉണ്ടാവുകയും ചെയ്യും.
വരണ്ട ചർമ്മവും മറ്റ് അസുഖങ്ങളും
വേണ്ട രീതിയിൽ ഭക്ഷണം കഴിക്കാതിരുന്നാൽ അത് ചർമ്മത്തിന്റെ ആരോഗ്യത്തേയും അത് വഴി ശരീര സൗന്ദര്യത്തേയും പ്രതികൂലമായി ബാധിക്കും. ചർമ്മം വരണ്ടുണങ്ങിപ്പോകുന്നത് ഇതിന്റെ ലക്ഷണമാണ്. ചർമ്മത്തിന് ചുളിവുകൾ വരുന്നതും ഭക്ഷണത്തിന്റെ അപര്യാപ്തതകൊണ്ട് ഉണ്ടാകാൻ സാദ്ധ്യതയുള്ള ഒരു അവസ്ഥയാണ്.
Discussion about this post