കശ്മീരിലെയും യുറോപ്യൻ രാജ്യങ്ങളിലെയും പോലെ ഇല്ലെങ്കിലും അത്യാവശ്യം തണുപ്പൊക്കെയായി നല്ല കാലാവസ്ഥയാണ് സാധാരണയായി നമ്മുടെ നാട്ടിൽ നവംബർ ഡിസംബർ മാസങ്ങളിൽ അനുഭവപ്പെടാറുള്ളത്. എന്നാൽ പതിവിൽ നിന്നും വിഭിന്നമായി നിരവധി ന്യൂനമർദ്ദങ്ങളാണ് അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ടത്. ഇതോടെ ഇതെന്താണ് സംഭവം എന്ന് ആളുകൾ അന്വേഷിക്കുകയാണ്.
എന്നാൽ ഇതൊരു പുതിയ പ്രതിഭാസമേ അല്ലെന്നാണ് കാലാവസ്ഥാ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. 2022ലും 23ലുമെല്ലാം ന്യൂനമർദം കാരണം ദക്ഷിണേന്ത്യയിൽ മഴ ലഭിച്ചിട്ടുണ്ട്. പക്ഷേ, ഇത്തവണ ഡിസംബറിന്റെ തുടക്കത്തിൽ തണുപ്പ് അകന്നുമാറിയിരുന്നു. ഇത് ന്യൂനമർദത്തിന്റെ സ്വാധീനം കൊണ്ടാണത്രേ.
ഡിസംബർ 15ന് ശേഷമാണ് കേരളത്തിൽ തണുപ്പ് അനുഭവപ്പെട്ട് തുടങ്ങിയത്. ഇടയ്ക്ക് കുറയുകയും കൂടുകയും ചെയ്തു. മഴ കുറഞ്ഞതോടെ പകൽ ചൂട് കൂടിവരികയാണ്.ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം അറബിക്കടലിൽ എത്തുകയും അവിടെനിന്ന് വീണ്ടും ബംഗാൾ ഉൾക്കടലിലേക്ക് പോവുകയാണ്. അതിനാൽ കൊല്ലം, തിരുവനന്തപുരം – തമിഴ്‌നാട് അതിർത്തിയിൽ അന്തരീക്ഷം മേഘാവൃതമാണ്. കേരളത്തിന് ഭീഷണിയില്ലെന്നും കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കുന്നു.
Discussion about this post