സാധാരണക്കാർക്ക് ഒരു തരി പൊന്ന് വാങ്ങണമെങ്കിൽ, അത് സ്വപ്‌നത്തിൽ മാത്രമാണ് എന്ന അവസ്ഥയിലെത്തിയിരിക്കുകയാണ്. സ്വർണവില ഓരോ ദിവസവും കൊടുമുടി കയറിക്കൊണ്ടിരിക്കുകയാണ്. എന്നാൽ, ഒരു കടൽ തീരത്തേക്ക് അങ്ങ് ഇറങ്ങിയാൽ പൊന്ന് വാരിക്കൂട്ടാം എന്ന് പറഞ്ഞാൽ, നിങ്ങൾ വിശ്വസിക്കുമോ… അതും ഇങ്ങ് ഇന്ത്യയിലെ ഒരു ബീച്ചിൽ.. എന്നാൽ, സംഭവം സത്യമാണ്…
ആന്ധ്രാപ്രദേശിലെ ഒരു ഗ്രാമത്തിലുള്ള ബീച്ചിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ഈ ബീച്ചിൽ നിന്നും ഗ്രാമവാസികൾക്ക് സ്വർണം ലഭിക്കുകയാണ്. ആന്ധ്രാപ്രദേശിലെ കിഴക്കൻ ഗോദാവരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഉപ്പഡ ബീച്ചിൽ നിന്നാണ് ഇത്തരത്തിൽ സ്വർണം ലഭിക്കുന്നത്. ഇതോടെ, ഇവിടത്തുകാർക്ക് ബീച്ചിൽ തിരച്ചിൽ നടത്തുന്നത് ഒരു പതിവായി മാറിയിരിക്കുകയാണ്. ബീച്ചിൽ നിലനിൽക്കുന്ന ഈ അപൂർ പ്രതിഭാസം കാരണം വിനോദ സഞ്ചാരികൾ പോലും ഇവിടേയ്ക്ക് ഒഴുകിയെത്തുകയാണ്. എങ്ങനെയാണ് ഈ ബീച്ചിൽ നിന്നും സ്വർണം ലഭിക്കുന്നതെന്നല്ലേ….
തീരദേശ മണ്ണൊലിപ്പ് കാരണമാണ് ഇവിടെ ഇങ്ങനെയൊരു പ്രതിഭാസം ഈ ബീച്ചിൽ നടക്കുന്നത്. കാലങ്ങൾക്ക് മുമ്പ് നിരവധി ക്ഷേത്രങ്ങളും വീടുകളും കടലാക്രമണത്തിൽ തകർന്നിട്ടുണ്ട്. ആ സമയം നിരവധി സ്വർണം കടലിലേക്ക് ഒഴുകി പോയിട്ടുണ്ട്. ഭാരമേറിയതും ഈടുനിൽക്കുന്നതുമായ ഈ സ്വർണമാണ് ഇപ്പോൾ ശക്തമായ തിരമാലകളിൽ പെട്ട് തിരികെ എത്തുന്നത്.
കഴിഞ്ഞ നവംബറിൽ തെക്കൻ തീരത്ത് ആഞ്ഞടിച്ച നിവാർ ചുഴലിക്കാറ്റാണ് ഇവിടെ സ്വർണം കണ്ടെത്താൻ വീണ്ടും സഹായിച്ചത്. ചുഴലിക്കാറ്റ് സമയത്ത് ഉണ്ടായ വേലിയേറ്റം കടൽത്തീരത്തെ ഇളക്കി മറിക്കുകയും സ്വർണകണങ്ങളും മുത്തുകളും കടൽത്തീരത്തേക്ക് കൊണ്ടുപോവുകയും ചെയ്തു. പ്രദേശത്തെ മത്സ്യത്തൊഴിലാളികൾക്ക് സ്വർണം ലഭിച്ചു തുടങ്ങിയത്‌വലിയ വാർത്തയായതോടെ, പ്രദേശവാസികളും ദൂരദേശങ്ങളിൽ നിന്നുള്ളവരും ഉൾപ്പെടെ ഇവിടേക്ക് എത്തിത്തുടങ്ങി.
എന്നാൽ, അങ്ങനെ വെറുതെ തീരത്തിലൂടെ ഇറങ്ങി നടന്നാലൊന്നും ഇവിടെ നിന്നും സ്വർണം ലഭിക്കില്ല. മറിച്ച് ഇവിടെ നിന്നും ഓരോ മണൽത്തരിയും അരിച്ച് പെറുക്കുക തന്നെ വേണം. അതുകൊണ്ട് തന്നെ, ഇവിടെത്തെ മത്സ്യത്തൊഴിലാളികളും മറ്റ് നാട്ടുകാരും പല സധനങ്ങൾ ഉപയോഗിച്ച് മണൽത്തരികളിൽ അരിച്ച് പെറുക്കുകയാണ്.
സ്വർണത്താൽ സമ്പന്നമായ ഗ്രാമമാണ് ഇത്. യു കോതപ്പള്ളി ബ്ലോക്കിലെ ഉപ്പട, സുരദാപേട്ട് എന്നിവയുൾപ്പെടെ സമീപപ്രദേശങ്ങളിലെ ഗ്രാമവാസികൾ പല തലമുറകളായി മണലിൽ സ്വർണ കണങ്ങളും മുത്തുകളും കണ്ടെത്തുന്നവരാണ്. ഇവിടെ നിന്നും സ്വർണ കണങ്ങൾ മാത്രമല്ല, കട്ടിയുള്ള സ്വർണ കഷ്ണങ്ങളും കണ്ടെത്താറുണ്ട്. ഏകദേശം 3500 രൂപയുടെ സ്വർണം വരെ പ്രദേശവാസികൾക്ക് ഇങ്ങനെ കിട്ടിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
Discussion about this post