എറണാകുളം: തൃക്കാക്കര കെഎംഎം കോളേജിൽ നടന്ന എൻസിസി ക്യാമ്പിലെ വിദ്യാർത്ഥികളോട് മോശമായി പെരുമാറിയ സംഭവത്തിൽ എസ്എഫ്‌ഐ നേതാക്കൾക്കെതിരെ കേസ്. എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി അംഗം ഭാഗ്യലക്ഷ്മി, എസ്എഫ്‌ഐ പ്രവർത്തകൻ ആദർശ് എന്നിവർക്കെതിരെയാണ് കേസ് എടുത്തത്. വിദ്യാർത്ഥികളുടെ പരാതിയെ തുടർന്നാണ് നടപടി. അതേസമയം എൻസിസി ക്യാമ്പിൽ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് 10 പേർക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.
ലൈംഗിക ചുവയോടെ സംസാരിച്ചുവെന്ന പരാതിയിൽ ആണ് ഭാഗ്യലക്ഷ്മിയ്‌ക്കെതിരെ പോലീസ് കേസ് എടുത്തിട്ടുള്ളത്. വിദ്യാർത്ഥികളെ മർദ്ദിച്ചതിനാണ് മറ്റ് എസ്എഫ്‌ഐക്കാർക്കെതിരെ കേസ് എടുത്തിട്ടുള്ളത്. അതേസമയം വിദ്യാർത്ഥികൾ ആരോപിക്കുന്നത് പോലെയുള്ള പരാമർശങ്ങൾ നടത്തിയിട്ടില്ലെന്നാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.
എൻസിസി ക്യാമ്പിലെ വിദ്യാർത്ഥികൾക്ക് കഴിഞ്ഞ ദിവസം ഭക്ഷ്യവിഷബാധയേറ്റിരുന്നു. ഇതിന് പിന്നാലെ സംഭവം അറിഞ്ഞ് കോളേജിൽ എത്തിയ രക്ഷിതാക്കളും അദ്ധ്യാപകരും ആയി സംഘർഷം ഉണ്ടാകുകയും, ഇതിന് പിന്നാലെ അദ്ധ്യാപകർ മർദ്ദിച്ചെന്ന പരാതിയുമായി വിദ്യാർത്ഥികൾ രംഗത്ത് എത്തുകയും ചെയ്തിരുന്നു. ഇതറിഞ്ഞാണ് എസ്എഫ്‌ഐ നേതാക്കൾ സ്ഥലത്ത് എത്തുന്നത്. എന്നാൽ വിദ്യാർത്ഥികളോട് സംസാരിക്കുന്നതിനിടെ എസ്എഫ്‌ഐ നേതാക്കൾ മോശം പരാമർശങ്ങൾ നടത്തി. നിങ്ങളിവിടെ അദ്ധ്യാപകർക്ക് കിടന്ന് കൊടുക്കുന്നുണ്ടോ എന്നും ആരെയെങ്കിലും ഒളിപ്പിച്ച് വച്ചിട്ടുണ്ടോ എന്നും ആയിരുന്നു ഭാഗ്യലക്ഷ്മി വിദ്യാർത്ഥികളോട് ചോദിച്ചത്. ഇതിന് പിന്നാലെ വിദ്യാർത്ഥികളും എസ്എഫ്‌ഐ നേതാക്കളുമായി സംഘർഷം ഉണ്ടാകുകയായിരുന്നു.
Discussion about this post