അസ്താന: കസാക്കിസ്ഥാനിൽ അസർബൈജാൻ വിമാനം തകർന്നുണ്ടായ അപകടത്തിൽ 38 പേർ മരിച്ചതായി സ്ഥിരീകരണം. 29 പേർ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെയാണ് റഷ്യയിലേക്കുള്ള യാത്രാമദ്ധ്യ അസർബൈജാന്റെ വിമാനം തകർന്ന് വീണത്.
അപകടത്തിന് പിന്നാലെ മരണ സംഖ്യ സംബന്ധിച്ച് അവ്യക്തതകൾ നിലനിന്നിരുന്നു. 40ൽ അധികം പേർ അപകടത്തിൽ മരിച്ചുവെന്നായിരുന്നു വിവരങ്ങൾ. അപകടത്തിന് പിന്നാലെ കസാക്കിസ്ഥാൻ ഉപപ്രധാനമന്ത്രി കാനറ്റ് ബൊസുംബേവ് അക്റ്റൗവിൽ അസർബൈജാൻ പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിലാണ് മരണസംഖ്യ സ്ഥിരീകരിച്ചത്. മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്.
എംബ്രയർ 190 എന്ന വിമാനം ആയിരുന്നു അപകടത്തിൽപ്പെട്ടത്. അസർബൈജാനിലെ ബാക്കുവിൽ നിന്നും റഷ്യൻ നഗരമായ ഗ്രോസ്‌നിയിലേക്ക് യാത്രികരുമായി പോകുകയായിരുന്നു വിമാനം. ഇതിനിടെയാണ് അപകടം ഉണ്ടായത്. അപകടത്തിന്റെ യഥാർത്ഥ കാരണം വ്യക്തമല്ല. മോശം കാലാവസ്ഥയെത്തുടർന്ന് ആണെന്നും, പക്ഷി ഇടിച്ചതാണെന്നുമുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
അക്തൗ വിമാനത്താവളത്തിൽ ആയിരുന്നു അപകടം ഉണ്ടായത്. ഇവിടെ അടിയന്തിര ലാൻഡിംഗിന് ശ്രമിക്കുകയായിരുന്നു. എന്നാൽ വിമാനം തകരുകയായിരുന്നു. സംഭവ സമയം 67 യാത്രികർ ആയിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്.
Discussion about this post