ഒരുകാലത്ത് ആഡംബര, സ്പോർട്സ് കാറുകളിലെ രാജാവായിരുന്ന ഫെരാരിയെ വെട്ടി വീഴ്ത്തി ലംബോർഗിനി ആ സാമ്രാജ്യം പിടിച്ചടക്കിയതിന് പിന്നിൽ ഒരു മധുര പ്രതികാരത്തിന്റെ കഥയുണ്ട്. ഫെറൂസിയോ ലംബോർഗിനി എന്ന ട്രാക്ടർ നിർമ്മാതാവിനെ അപമാനിക്കുകയും പരിഹസിക്കുകയും ചെയ്ത എൻസോ ഫെരാരി എന്ന വാഹനനിർമ്മാതാവിന്റെ ധാർഷ്ട്യം ആണ് ലംബോർഗിനി ഓട്ടോമൊബൈൽസിന്റെ പിറവിക്ക് പിന്നിലെ കാരണം. ഉയർന്ന വേഗതയ്ക്കും ദീർഘദൂര ഡ്രൈവിംഗിനും ഉതകുന്ന രീതിയിൽ രൂപകല്പന ചെയ്ത ഒരു പരിഷ്കൃത ഗ്രാൻഡ് ടൂറിംഗ് കാർ എന്ന തന്റെ വലിയ സ്വപ്നം നിറവേറ്റുക എന്നത് ഒരു ട്രാക്ടർ നിർമ്മാതാവിനെ സംബന്ധിച്ച് ഏറെ ബുദ്ധിമുട്ടുകൾ നിറഞ്ഞ യാത്രയായിരുന്നു. പക്ഷേ തന്റെ നിശ്ചയദാർഢ്യം കൊണ്ടും ദൈവാനുഗ്രഹം പലവഴിക്ക് സഹായിച്ചത് കൊണ്ടും ഫെരാരിയെ ഞെട്ടിക്കുന്ന ആഡംബര കാറുകൾ പുറത്തിറക്കാൻ ലംബോർഗിനിക്ക് കഴിഞ്ഞു. അങ്ങനെ ആഡംബര കാറുകളുടെ ചരിത്രത്തിലെ ഒരു പ്രധാന വഴിത്തിരിവാണ് ലംബോർഗിനിയുടെ പിറവി.
വർഷം 1963, ഇറ്റലിയിലെ പെറുജയിൽ നിരവധി മുന്തിരിത്തോട്ടങ്ങളുടെ ഉടമയും പ്രമുഖ ട്രാക്ടർ നിർമ്മാതാവുമായിരുന്ന ഫെറൂസിയോ ലംബോർഗിനി ഒരു ഫെരാരി കാർ വാങ്ങി. അവിടെനിന്നുമാണ് കഥ ആരംഭിക്കുന്നത്. ട്രാക്ടർ നിർമ്മാണത്തിൽ പ്രഗൽഭനായ ലംബോർഗിനിക്ക് ആദ്യമായി ഫെരാരി ഓടിച്ചപ്പോൾ തന്നെ ആ കാറിന്റെ ചില പോരായ്മകൾ ശ്രദ്ധയിൽപ്പെട്ടു. ഫെരാരിയുടെ ക്ലച്ച് വളരെ മോശമാണെന്ന് അദ്ദേഹം കണ്ടെത്തി. എന്നാൽ ചെറിയ ചില മാറ്റങ്ങൾ കൊണ്ട് ഈ ക്ലച്ച് മെച്ചപ്പെടുത്താൻ കഴിയുന്നതാണെന്നും അദ്ദേഹത്തിന് അറിയാമായിരുന്നു. ഈ കാര്യം സാക്ഷാൽ എൻസോ ഫെരാരിയെ തന്നെ ബോധ്യപ്പെടുത്താം എന്ന് കരുതി ലംബോർഗിനി തന്റെ അയൽ ഗ്രാമമായ മാരനെല്ലോയിലേക്ക് പോയി എൻസോ ഫെരാരിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി. ഫെരാരി കാറിന്റെ ആ ന്യൂനതയെ കുറിച്ച് അദ്ദേഹം എൻസോ ഫെരാരിയോട് സംസാരിച്ചു.
എന്നാൽ ധാർഷ്ട്യക്കാരനായ എൻസോ ഫെരാരി ലംബോർഗിനിയുടെ വാക്കുകൾക്ക് ചെവി കൊടുത്തില്ലെന്ന് മാത്രമല്ല, ആഡംബര കാറുകളെ കുറിച്ച് സംസാരിക്കാൻ വെറുമൊരു ട്രാക്ടർ നിർമാതാവിന് എന്ത് യോഗ്യതയാണ് ഉള്ളത് എന്ന് ചോദിച്ചുകൊണ്ട് കുപിതനാവുകയും ചെയ്തു. നിങ്ങൾ ട്രാക്ടർ നിർമ്മാണത്തിൽ തന്നെ ശ്രദ്ധ കൊടുക്കൂ, കാർ നിർമ്മിക്കുന്ന കാര്യം ഞങ്ങൾ നോക്കിക്കോളാം എന്ന് പറഞ്ഞ് അപമാനിച്ചും പരിഹസിച്ചുമാണ് ഫെരാരി ലംബോർഗിനിയെ തന്റെ വീട്ടിൽ നിന്നും ഇറക്കിവിട്ടത്.
അപമാന ഭാരവും പേറി തിരികെ വീട്ടിലേക്ക് മടങ്ങും വഴി ഫെറൂസിയോ ലംബോർഗിനി ഒരു ദൃഢപ്രതിജ്ഞയെടുത്തു. “യഥാർത്ഥ ആഡംബര സ്പോർട്സ് കാർ എന്താണെന്ന് ഞാൻ കാണിച്ചു തരാം!”. ഇറ്റലിയിലെ തന്നെ ഏറ്റവും മികച്ച ട്രാക്ടറുകൾ നിർമ്മിച്ചിരുന്ന എൻജിനീയറായിരുന്നു ലംബോർഗിനി. ഒട്ടുംതന്നെ വൈകാതെ കാർ നിർമ്മാണ ഫാക്ടറിയുടെ പ്രാരംഭ ജോലികൾ അദ്ദേഹം ആരംഭിച്ചു. ഫെരാരി കാറുകളെക്കാൾ മികച്ച വേഗതയുള്ളതും ഉയർന്ന പെർഫോമൻസ് നൽകുന്നതുമായ കാറുകൾ എന്നുള്ളതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. വെറും നാലു മാസത്തിനുള്ളിൽ തന്നെ സാൻ്റ് അഗതയിൽ അദ്ദേഹം ഒരു കാർ ഫാക്ടറി ആരംഭിച്ചു. വൈകാതെ തന്നെ ലംബോർഗിനിയുടെ ആദ്യത്തെ കാർ സൃഷ്ടിക്കപ്പെട്ടു. 1964-ൽ ടൂറിനിൽ നടന്ന വാർഷിക കാർ ഷോയിൽ അവതരിപ്പിച്ച ഈ കാറിന്റെ പേര് ലംബോർഗിനി 350 GT എന്നായിരുന്നു.
ഇത്രയും പെട്ടെന്ന് ഒരു കാർ നിർമ്മിക്കുക എന്നുള്ളത് ഒരു പുതുമുഖ വാഹന നിർമ്മാതാവിനെ സംബന്ധിച്ച് ഏറെ ബുദ്ധിമുട്ടുള്ള കാര്യം തന്നെയായിരുന്നു. അവിടെ അദ്ദേഹത്തിന് സഹായികളായി എത്തിയത് എൻസോ ഫെരാരി തന്റെ ധാർഷ്ട്യം മൂലം അപമാനിച്ച് ഇറക്കിവിട്ട അദ്ദേഹത്തിന്റെ ഫാക്ടറിയിലെ ചില സുപ്രധാന തൊഴിലാളികൾ ആയിരുന്നു. ഫെരാരിയിൽ ചീഫ് എഞ്ചിനീയറായിരുന്ന കാർലോ ചിറ്റിയും ഡെവലപ്‌മെൻ്റ് മാനേജർ ജിയോട്ടോ ബിസാറിനിയും ആയിരുന്നു അത്. ഫെരാരിയുടെ ഫാക്ടറിയിലെ പല സുപ്രധാന കാര്യങ്ങളിലും തീരുമാനം എടുത്തിരുന്നത് എൻസോയുടെ ഭാര്യ ലോറ ഫെരാരി ആയിരുന്നു. ഇവർ നിർമ്മാണത്തിലെ പല പ്രധാന കാര്യങ്ങളിലും ഇടപെടാൻ ആരംഭിച്ചത് ചീഫ് എൻജിനീയർക്കും ഡെവലപ്മെന്റ് മാനേജർക്കും കടുത്ത സമ്മർദ്ദം സൃഷ്ടിച്ചിരുന്നു. തങ്ങളുടെ ബുദ്ധിമുട്ടുകൾ ഇവർ എൻസോ ഫെരാരിയെ അറിയിച്ചു. എന്നാൽ തന്റെ ഭാര്യയെ പറഞ്ഞു മനസ്സിലാക്കുന്നതിന് പകരം ഈ തൊഴിലാളികളെ അപമാനിച്ച് ഇറക്കിവിടുകയാണ് ഫെരാരി ചെയ്തത്. ഫെരാരിയിൽ നിന്നും പുറത്തിറങ്ങിയ അവർ എടിഎസ് എന്ന പേരിൽ റേസിംഗ്, സ്പോർട്സ് കാറുകൾക്കുള്ള ഒരു ഡിസൈൻ ഏജൻസി ആരംഭിക്കുകയാണ് ചെയ്തത്. ഈ ഏജൻസി ലംബോർഗിനിക്കൊപ്പം ചേർന്നതോടെ ഒരു വർഷത്തിനുള്ളിൽ തന്നെ അന്നത്തെ വിപണിയിലെ ഏറ്റവും മികച്ച ആഡംബര, സ്പോർട്സ് കാർ ആയി ലംബോർഗിനി 350 GT പിറവിയെടുത്തു.
ആദ്യ വർഷത്തിൽ തന്നെ 13 കാറുകളും അടുത്ത രണ്ടു വർഷത്തിനുള്ളിൽ 120 കാറുകളും ആയിരുന്നു ലംബോർഗിനി 350 GT യുടെ വിൽപ്പന. പക്ഷേ അപ്പോഴും വിപണിയിൽ ആധിപത്യം ഫെരാരിക്ക് തന്നെയായിരുന്നു. എന്നാൽ 1965ൽ കാര്യങ്ങൾ ആകെ മാറിമറിഞ്ഞു. ആ വർഷത്തെ വാർഷിക കാർ ഷോയ്ക്ക് ലംബോർഗിനി തങ്ങളുടെ പുതിയ മോഡൽ പുറത്തിറക്കി. ആഡംബര സ്പോർട്സ് കാർ വിപണിയിൽ കോളിളക്കം സൃഷ്ടിച്ച ‘ലംബോർഗിനി മിയുറ’ ആയിരുന്നു അത്. അക്കാലത്തെ ഏറ്റവും ഉയർന്ന വേഗതയുള്ള സ്പോർട്സ് കാർ, അതായിരുന്നു മിയുറ. റിയർ മിഡ് എഞ്ചിൻ ടു സീറ്റ് ലേ ഔട്ടുള്ള ആദ്യത്തെ ഓട്ടോമൊബൈൽ ആയിരുന്നു ഈ കാർ. മിയുറ യഥാർത്ഥത്തിൽ എൻസോ ഫെരാരിയെ തന്നെ ഞെട്ടിക്കുന്നതായിരുന്നു. കാറിൻ്റെ മധ്യഭാഗത്ത് എഞ്ചിൻ ഘടിപ്പിച്ച ആദ്യത്തെ പ്രൊഡക്ഷൻ കാർ എന്ന സവിശേഷതയും മിയുറയ്ക്ക് ഉണ്ടായിരുന്നു. 1967-ൽ ലംബോർഗിനി മിയുറ വാണിജ്യ ഉൽപ്പാദനം ആരംഭിച്ചു. 1973-ൽ ഉൽപ്പാദനം അവസാനിക്കുന്നതുവരെ മൊത്തം 764 മിയുറ കാറുകളാണ് നിർമ്മിക്കപ്പെട്ടിരുന്നത്.
1970കളുടെ തുടക്കത്തിൽ ആഗോളതലത്തിൽ ഉണ്ടായ സാമ്പത്തിക മാന്ദ്യവും എണ്ണ പ്രതിസന്ധിയും ലംബോർഗിനിക്കും തിരിച്ചടിയായി. സൂപ്പർകാർ വിപണി ഒരു വർഷത്തിനുള്ളിൽ 80 ശതമാനം ഇടിഞ്ഞു. ഇതോടെ സൂപ്പർ കാർ നിർമ്മാണം താൽക്കാലികമായി നിർത്തിയ ലംബോർഗിനി ഇറ്റലിയിലെ തന്റെ മുന്തിരിത്തോട്ടങ്ങളിൽ നിന്നും വൈൻ ഉല്പാദിപ്പിക്കുന്ന ജോലിയിലേക്ക് മാറി. അക്കാലത്താണ് ഫെറൂസിയോ ലംബോർഗിനി ഒരു റെസ്റ്റോറൻ്റും ഗോൾഫ് കോഴ്സും ഉള്ള ആഡംബര ഹോട്ടൽ ആയ ടെനുട്ട ലംബോർഗിനി ആരംഭിച്ചത്. ഫെറൂസിയോ ലംബോർഗിനി കാറുകളുടെയും ട്രാക്ടറുകളുടെയും നിർമ്മാണം പൂർണ്ണമായും നിർത്തി. തന്റെ കാർ ഫാക്ടറി അദ്ദേഹം സ്വപ്നതുല്യമായ വലിയൊരു തുകയ്ക്ക് വില്പന നടത്തി. എന്നാൽ ലംബോർഗിനി എന്ന പേര് പുതിയ ഉടമകൾ മാറ്റിയില്ല. പിന്നീട് നിരവധി സൂപ്പർ കാറുകൾ ഈ പേരിൽ വിപണി കീഴടക്കി.
എൻസോ ഫെരാരി പിന്നീട് ഒരിക്കലും തന്നോട് സംസാരിച്ചിട്ടില്ലെന്ന് ഫെറൂസിയോ ലംബോർഗിനി വ്യക്തമാക്കിയിരുന്നു. നിങ്ങൾ ഒരിക്കലും ഒരു കർഷകനുമായി കലഹത്തിന് പോകരുത് എന്നായിരുന്നു ലംബോർഗിനിയുടെ വിജയത്തിന്റെ തുടക്കകാലത്ത് അദ്ദേഹം എൻസോ ഫെരാരിക്ക് നൽകിയിരുന്ന സന്ദേശം. മെക്കാനിക്സ് തൻ്റെ രക്തത്തിൽ ഉണ്ടായിരുന്നതാണ്. അതിനാൽ തന്നെ ഫെരാരിയെ തോൽപ്പിക്കാൻ കഴിയുമെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ ഫെരാരിയുമായുള്ള ആ മത്സരം ഒരു സ്വപ്നം പോലെയായിരുന്നു. ഒരുപക്ഷേ ഫെരാരി അന്ന് തന്നെ അപമാനിച്ചു ഇറക്കി വിട്ടില്ലായിരുന്നുവെങ്കിൽ താൻ ഒരിക്കലും കാർ നിർമ്മാണത്തിലേക്ക് ഇറങ്ങില്ലായിരുന്നു എന്നും ഫെറൂസിയോ ലംബോർഗിനി പിന്നീട് മാദ്ധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിൽ വ്യക്തമാക്കിയിരുന്നു. 1993 ഫെബ്രുവരി 20 ന് 70 വയസ് തികയുന്നതിന് ഏതാനും ദിവസങ്ങൾക്കു മുൻപാണ് ഫെറൂസിയോ ലംബോർഗിനി ഇഹലോകവാസം വെടിഞ്ഞത്. അതുവരെയുള്ള കാലം മുഴുവൻ അദ്ദേഹം തന്റെ വലിയ എസ്റ്റേറ്റിൽ സ്വസ്ഥ ജീവിതം നയിച്ചു. അദ്ദേഹത്തിൻ്റെ മകൻ, ടോണിനോ ആണ് ടോണിനോ ലംബോർഗിനി എന്ന ഫാഷൻ ബ്രാൻഡിന്റെയും ടൗൺ ലൈഫ് എന്ന ഇലക്ട്രിക് മൈക്രോകാറിൻ്റെയും സ്ഥാപകൻ. ഇന്നും ഇറ്റലിയിലെ ഏറ്റവും വിജയകരമായ ബിസിനസ് ചരിത്രം തന്നെയാണ് ലംബോർഗിനിക്കും
ഫെറൂസിയോ ലംബോർഗിനിയുടെ കുടുംബത്തിനും ഉള്ളത്.
Discussion about this post