നമ്മുടെ വീടിന് ചുറ്റും ഏറ്റവും കൂടുതൽ കാണുന്ന ഒരു ജീവിയാണ് അണ്ണാറക്കണ്ണന്മാർ. ഇവയെ ഒന്ന് പിടിക്കാനും ലാളിക്കാനും എല്ലാവർക്കും ഇഷ്ടമാണെങ്കിലും കണ്ണടച്ച് തുറക്കും മുമ്പേ പായുന്ന ഇവന്മാരെ കയ്യിൽ കിട്ടുക എന്നത് അത്ര എളുപ്പമല്ല. മാത്രമല്ല, പിടിച്ചാൽ ഇവ നന്നായി ഉപദ്രവിക്കും എന്നതുകൊണ്ട് തന്നെ ഇവയെ പിടിക്കാനും ആരും ശ്രമിക്കാറില്ല.
എന്തും കരണ്ടു തിന്നുന്ന അണ്ണാറക്കണ്ണന്മാർ സസ്യാഹാരികളാണെന്നാണ് വിശ്വസിച്ചിരുന്നത്. എന്നാൽ, ഇത്രയും നാളുമുണ്ടായിരുന്ന ഈ വിശാസത്തെ അട്ടിമറിക്കുന്ന കണ്ടെത്തിലാണ് ഗവേഷകർ നടത്തിയിരിക്കുന്നത്. അണ്ണാറക്കണ്ണന്മാർ മാംസഭോജികളാണെന്നാണ് കണ്ടെത്തൽ. എന്നാൽ, മുഴുവൻ സമയം മാംസഭോജികളല്ല അണ്ണാറക്കണ്ണന്മാർ. സമയവും സാഹചര്യവും അനുസരിച്ച് മാത്രമാണ ഇവർ മാംസം കഴിക്കുക.
നിത്യേനെ നാം കണ്ട് ശീലിച്ച അണ്ണാറക്കണ്ണന്റെ ഈ സ്വഭാവം നമുക്ക് അത്ഭുതമുണ്ടാക്കുമെങ്കിലും ഇത് യാഥാർത്ഥ്യമായ കാര്യമാണെന്ന് ഗവേഷകർ പറയുന്നു. മനുഷ്യരുടെ ഇടപെടൽ മൂലമോ പാരിസ്ഥിതിക പ്രശ്‌നങ്ങൾ മൂലമോ ഇവർക്ക് ആഹാരം ലഭിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകുന്ന സാഹചര്യത്തിൽ മാംസാഹാരം കഴിക്കുന്ന ശീലം ഇവയെ സഹായിക്കുന്നു.
കാലിഫോർണിയയിലെ നിലയണ്ണാന്റെ ഇരപിടുത്ത സ്വഭാവത്തെ കുറിച്ച് പഠനം നടത്തിയ ഗവേഷകരാണ് ഇത് സംബന്ധിച്ച് പ്രബന്ധം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബീച്ചി ഗ്രൗണ്ട് സ്‌ക്വിറൽ എന്ന് കൂടി അറിയപ്പെടുന്ന കാലിഫോർണിയ ഗ്രൗണ്ട് സ്‌ക്വിറൽ മാളങ്ങളിലാണ് വസിക്കുന്നത്. കൂടുതൽ സമയവും മാളങ്ങളിൽ തന്നെ ചിലവഴിക്കുന്ന ഇവയ്ക്ക് തവിട്ടും ബ്രൗണും ഇടകലർന്ന നിറമാണ്.
Discussion about this post