തിരുവനന്തപുരം: ബിഹാർ ഗവർണറായി പോകുന്ന ആരിഫ് മുഹമ്മദ് ഖാന് രാജ്ഭവൻ നാളെ യാത്രയയപ്പ് നല്‍കും. നാളെ വൈകിട്ട് 4.30 ന് ആണ് ചടങ്ങ് നടക്കുക. സർക്കാർ യാത്രയയപ്പ് ഇതുവരെ നിശ്ചയിച്ചിട്ടില്ല.
ഞായറാഴ്ചയായിരിക്കും അദ്ദേഹം കേരളത്തിൽ നിന്ന് മടങ്ങുക. ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് കൊച്ചി വഴിയാണ് മടക്കം. ജനുവരി രണ്ടിന് ആയിരിക്കും അദ്ദേഹം ബിഹാറിൽ ചുമതല ഏറ്റെടുക്കുക.
നിലവിലെ ബിഹാർ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ജനുവരി ഒന്നിന് കേരളത്തിലെത്തും. ജനുവരി രണ്ടിന് അദ്ദേഹം കേരള ഗവർണറായി ചുമതലയേക്കും.
അടുത്ത വർഷം ബിഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പാണ്. ഇതിന് മുന്നോടി ആയിട്ടാണ് ഗവർണർമാരുടെ ഈ വെച്ചുമാറ്റം. കേരള ഗവർണറായുള്ള ആരിഫ് മുഹമ്മദ് ഖാന്റെ കാലാവധി പൂർത്തിയായിരുന്നു. എന്നാൽ കേന്ദ്രസർക്കാർ അദ്ദേഹത്തിന്റെ കാലാവധി നീട്ടി നൽകുകയായിരുന്നു. അതുകൊണ്ട് തന്നെ മാറ്റം പ്രതീക്ഷിച്ചിരുന്നു. നേരത്തെ അദ്ദേഹത്തെ പല പദവികളിലേക്കും മാറ്റാനുള്ള ആലോചന ഉണ്ടായിരുന്നു. എന്നാൽ ഗവർണർ പദവി തന്നെ നൽകാൻ തീരുമാനിക്കുകയായിരുന്നു.
നേരത്തെ ഗോവയിലെ ക്യാബിനറ്റ് മന്ത്രിയും നിയമസഭാ സ്പീക്കറും ആയിരുന്നു ആർലൈകർ. ഹിമാചൽ പ്രദേശിന്റെ ഗവർണർ ആയും അദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്. അതേസമയം മുൻ ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ലയെ മണിപ്പൂർ ഗവർണറായും നിയമിച്ചിട്ടുണ്ട്.
Discussion about this post