ഹൈദരാബാദ് : സന്തോഷ് ട്രോഫി മത്സരത്തിൽ കേരളം സെമിഫൈനലിലേക്ക്. ഇന്ന് നടന്ന ക്വാര്‍ട്ടറില്‍ ജമ്മു കശ്‌മീരിനെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്‌ത്തിയാണ് കേരളം സെമി ഫൈനൽ യോഗ്യത നേടിയിരിക്കുന്നത്. ആവേശം നിറഞ്ഞ മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് കേരളത്തിന് വിജയഗോൾ നേടാനായത്.
72–ാം മിനിറ്റിൽ പിറന്ന കേരളത്തിന്റെ ആദ്യ ഗോളിന് ശേഷം തിരിച്ചടിക്കാന്‍ കശ്‌മീര്‍ ശ്രമിച്ചെങ്കിലും കേരളത്തിന്‍റെ പ്രതിരോധനിര ഈ ശ്രമങ്ങൾ തകർത്തെറിയുകയായിരുന്നു. ടൂർണമെന്‍റിലെ കേരളത്തിന്‍റെ ടോപ് ഗോൾ സ്കോറർ നസീബ് റഹ്മാനാണ് സെമി ഫൈനൽ യോഗ്യത നേടിയ വിജയ ഗോൾ നേടിയത്. ഈ വർഷം നടക്കുന്ന സന്തോഷ് ട്രോഫി മത്സരത്തിൽ ഇതുവരെയായി ഏഴ് ഗോളുകളാണ് നസീബ് റഹ്മാൻ നേടിയിട്ടുള്ളത്.
ഞായറാഴ്ചയാണ് കേരളത്തിന്റെ സെമി ഫൈനൽ മത്സരം നടക്കുക. സെമിഫൈനലിൽ മണിപ്പൂരിനെയാണ് കേരളം നേരിടേണ്ടത്. ഞായറാഴ്ച വൈകീട്ട് 7.30-ന് ഗച്ചിബൗളി സ്റ്റേഡിയത്തില്‍ ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടും. ബിബി തോമസിന് കീഴിൽ മികച്ച ഫോമിലാണ് കേരളത്തിന്റെ കളിക്കാർ സന്തോഷ് ട്രോഫി മത്സരങ്ങളിൽ മുന്നേറുന്നത്.
Discussion about this post