കാസർകോട്: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ വിധി പറഞ്ഞ് സിബിഐ കോടതി. 1 മുതൽ 8 വരെയുള്ള സിപിഎം നേതാക്കളായ പ്രതികൾ ഉൾപ്പെടെ 14 പോർ കുറ്റക്കാരാണെന്നാണ് കോടതിയുടെ കണ്ടെത്തൽ. 10 വേരെ കോടതി കുറ്റവിമുക്തരാക്കി. കേസിൽ ആകെ 24 പ്രതികളാണ് ഉള്ളത്. ജനുവരി 3 ന് ഇവർക്കുള്ള ശിക്ഷ കോടതി വിധിക്കും.
മുഖ്യ ആസൂത്രകൻ സിപിഎം പെരിയ ലോക്കൽ കമ്മിറ്റി മുൻ അംഗം എ പീതാംബരൻ, കൊലപാതകം കൃത്യം നടത്തിയ സജി സി. ജോർജ് (സജി), കെ.എം. സുരേഷ്, കെ. അനിൽ കുമാർ (അബു), ജിജിൻ, ആർ. ശ്രീരാഗ് (കുട്ടു), എ. അശ്വിൻ (അപ്പു), സുബീഷ് (മണി) എന്നിവർക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. ടി. രഞ്ജിത്ത്, കെ. മണികണ്ഠൻ (ഉദുമ മുൻ ഏരിയ സെക്രട്ടറി, കാഞ്ഞങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്), എ. സുരേന്ദ്രൻ (വിഷ്ണു സുര), കെ.വി. കുഞ്ഞിരാമൻ (ഉദുമ മുൻ എംഎൽഎ, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം), രാഘവൻ വെളുത്തോളി (മുൻ പാക്കം ലോക്കൽ സെക്രട്ടറി), കെ. വി. ഭാസ്‌കരൻ എന്നിവരാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ മറ്റുള്ളവർ. എറണാകുളം സിബിഐ കോടതി ജഡ്‌ജ് എൻ. ശേഷാദ്രിനാഥനാണ് കേസിൽ വിധി പ്രസ്താവിച്ചത്.
2019 ലായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും സിപിഎം പ്രവർത്തകർ വെട്ടി കൊലപ്പെടുത്തിയത്. സംഭവത്തിന് തൊട്ടടുത്ത ദിവസം പീതാംബരനെയും സുഹൃത്തായ സി.ജെ സജിയെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവം രാഷ്ട്രീയ കൊലയാണെന്ന് വ്യക്തമായതോടെ കേസ് ക്രൈംബ്രാഞ്ചിന് വിട്ടു. ഇതിന് ശേഷമാണ് ബാക്കിയുള്ള പ്രതികൾ അറസ്റ്റിലായത്.
എന്നാൽ കേസ് അന്വേഷണത്തിൽ ഇരുവരുടെയും കുടുംബത്തിന് തൃപ്തിയുണ്ടായിരുന്നില്ല. ഇതോടെ കേസ് അന്വേഷണം സിബിഐയ്ക്ക് വിടണം എന്ന് കുടുംബം ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെ ക്രൈംബ്രാഞ്ച് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. ഇതിൽ 14 പ്രതികൾ മാത്രമാണ് ഉണ്ടായത്. 2019 സെപ്തംബർ 30 നാണ് രക്ഷിതാക്കളുടെ ആവശ്യം പരിഗണിച്ച് ഹൈക്കോടതി കേസ് സിബിഐയ്ക്ക് വിട്ടത്.
Discussion about this post