എറണാകുളം: പെരിയ ഇരട്ടക്കൊല കേസിൽ വിധി പറയുന്നതിനിടെ സിബിഐ കോടതിയിൽ നാടകീയ രംഗങ്ങൾ. കോടതിയിൽ അതിവൈകാരികമായി പ്രതികരിച്ച പ്രതികൾ വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടു. കേസിൽ 14 പ്രതികൾ കുറ്റക്കാരാണെന്ന് വിധിച്ചതിന് പിന്നാലെ ആയിരുന്നു ഇവരുടെ പ്രതികരണം.
കൊലയിൽ പങ്കില്ലെന്ന് കേസിലെ 15ാം പ്രതി എ. സുരേന്ദ്രൻ ( വിഷ്ണു സുര) കോടതിയിൽ വ്യക്തമാക്കി. ചെയ്യാത്ത തെറ്റിന് പഴി കേൾക്കേണ്ടി വന്നതിനാൽ ഇനി ജീവിതം അവസാനിപ്പിക്കുകയാണ് നല്ലത്. അതുകൊണ്ട് തന്നെ വധശിക്ഷ തന്നെ നൽകി ജീവിതം അവസാനിപ്പിക്കാൻ സഹായിക്കണം എന്നും സുരേന്ദ്രൻ പറഞ്ഞു. പോലീസിനെ സഹായിച്ചതിനുള്ള ശിക്ഷ ആണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത് എന്നായിരുന്നു ഉദുമ മുൻ എംഎൽഎ കെ.വി കുഞ്ഞിരാമന്റെ പ്രതികരണം.
കേസിൽ കുഞ്ഞിരാമൻ അടക്കമുള്ളവർ കുറ്റക്കാരാണെന്നാണ് കോടതിയുടെ നിരീക്ഷണം. 1 മുതൽ 8 വരെയുള്ള പ്രതികൾക്ക് മേൽ കൊലക്കുറ്റം നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി. 10 പ്രതികളെ കുറ്റവിമുക്തർ ആക്കിയിട്ടുണ്ട്. സിപിഎം നേതാക്കളായ എ.പീതാംരബരൻ, കെ മണികണ്ഠൻ, രാഘവൻ എന്നിവർ പ്രതികളാണെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇവർക്കുള്ള ശിക്ഷ അടുത്ത മാസം 3 ന് വിധിക്കും.
അതേസമയം സിബിഐ കോടതിയുടെ വിധിയിൽ പൂർണ തൃപ്തിയില്ലെന്നാണ് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും കുടുംബവും കോൺഗ്രസും വ്യക്തമാക്കുന്നത്. കേസിൽ മുഴുവൻ പ്രതികളും ശിക്ഷിക്കപ്പെടണം. 10 പ്രതികളെ കുറ്റവിമുക്തരാക്കിയ കോടതി ഉത്തരവിനെതിരെ തുടർ നടപടി സ്വീകരിക്കാനാണ് കോൺഗ്രസിന്റെ ആലോചന.
Discussion about this post