തിരുവനന്തപുരം: സിനിമാ – സീരിയൽ നടൻ ദിലീപ് ശങ്കറിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിലെ മുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
നാല് ദിവസം മുൻപാണ് ദിലീപ് ഷൂട്ടിംഗിനായി തിരുവനന്തപുരത്ത് എത്തിയത്.കഴിഞ്ഞ രണ്ട് ദിവസമായി അദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. ഇതേ തുടർന്ന് സീരിയലിലെ അണിയറ പ്രവർത്തകർ ഹോട്ടലിൽ എത്തുകയായിരുന്നു. അണിയറ പ്രവർത്തകർ വിവരം അറിയിച്ചതിനെ തുടർന്ന് ജീവനക്കാർ മുറിയിൽ എത്തി. മുറിയിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് തുറന്ന് നോക്കിയപ്പോഴാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
പോലീസ് എത്തി മുറിയിൽ പരിശോധന നടത്തുകയാണ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസറ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറും. രണ്ട് ദിവസം മുൻപാണ് ഈ ഹോട്ടലിൽ മുറിയെടുത്തത് എന്നാണ് ഹോട്ടൽ ജീവനക്കാർ പറയുന്നത്. ഇതിന് ശേഷം അദ്ദേഹത്തെ പുറത്ത് കണ്ടിട്ടില്ലെന്നും ജീവനക്കാർ പറയുന്നു. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
മരണ കാരണം വ്യക്തമല്ല. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടാകുകയുള്ളൂ. അദ്ദേഹത്തിന് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇതേ തുടർന്ന് ചികിത്സയിലായിരുന്നു. എന്നാൽ അസുഖത്തെക്കുറിച്ച് പുറത്തു പറഞ്ഞിരുന്നില്ല.
Discussion about this post