ആലപ്പുഴ: കഞ്ചാവ് കേസിൽ മകൻ കനിവിന് പങ്കില്ലെന്ന കായംകുളം എംഎൽഎ യു പ്രതിഭയുടെ വാദം പൊളിയുന്നു. കേസിൽ കനിവിനെയും പ്രതിചേർത്ത് പോലീസ് തയ്യാറാക്കിയ എസ്എഫ്‌ഐ ആർ പുറത്ത്. കേസിൽ ഒൻപതാം പ്രതിയാണ് കനിവ്.
നേരത്തെ എക്‌സൈസ് മകനെ ചോദ്യം ചെയ്യുക മാത്രമായിരുന്നു ചെയ്തിരുന്നത് എന്നാണ് പ്രതിഭ പറഞ്ഞത്. മാദ്ധ്യമങ്ങൾ നിരപരാധിയായ മകന്റെ പേരിൽ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നുവെന്നും പ്രതിഭ വിമർശിച്ചിരുന്നു. എന്നാൽ ഇത് തെറ്റാണെന്നാണ് എഫ്‌ഐആർ വ്യക്തമാക്കുന്നത്. കേസിൽ അറസ്റ്റുൾപ്പെടെയുള്ള നടപടികൾ എക്‌സൈസ് സ്വീകരിച്ചു എന്നതിന്റെ തെളിവ് കൂടിയാണ് ഇത്.
സംഘത്തിന്റെ പക്കൽ നിന്നും ലഹരി പിടിച്ചെടുത്തതായും എഫ്‌ഐആറിൽ വ്യക്തമാക്കുന്നുണ്ട്. 3 ഗ്രാം കഞ്ചാവ്, കഞ്ചാവ് കലർന്ന 500 മില്ലീ ലിറ്റർ പുകയില മിശ്രിതം, എന്നിവയാണ് പിടിച്ചെടുത്തത്. ഇതിന് പുറമേ കുപ്പി, പപ്പായ തണ്ട് എന്നിവയും കണ്ടെടുത്തതായി രേഖപ്പെടുത്തിയിട്ടുണ്ട്. നാട്ടുകാരായ രണ്ട് പേരാണ് കേസിലെ സാക്ഷികൾ.
കനിവ് ഉൾപ്പെടെ ഒൻപത് പേരെയാണ് ലഹരി ഉപയോഗിച്ചതിന്റെ പേരിൽ എക്‌സൈസ് പിടികൂടിയത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. തകഴി പാലത്തിന് സമീപം യുവാക്കൾ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യവിരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.
Discussion about this post