എറണാകുളം: ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് കലൂർ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ നടത്തിയ പരിപാടിക്കിടെ ഉമ തോമസ് എംഎൽഎ ഗ്യാലറിയിൽ നിന്നും വീണ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പരിപാടിയിൽ പങ്കെടുത്ത സിനിമാ താരങ്ങളായ ദിവ്യ ഉണ്ണിയുടെയും സിജോയ് വർഗീസിന്റെയും മൊഴിയെടുക്കുമെന്ന് പോലീസ് അറിയിച്ചു. പരിപാടിയിൽ പങ്കെടുത്ത നൃത്താദ്ധ്യാപകരിൽ നിന്നും പോലീസ് വിവരങ്ങൾ ശേഖരിച്ച് വരികയാണ്.
സ്‌റ്റേഡിയത്തിൽ പരിപാടി നടത്തിപ്പിൽ വലിയ സുരക്ഷാ വീഴ്ച്ചയാണ് സംഭവിച്ചിരിക്കുന്നതെന്ന് സംയുക്ത പരിശോധനാ റിപ്പോർട്ട് പുറത്ത് വന്നിട്ടുണ്ട്. പോലീസും പൊതുമരാമത്ത് വകുപ്പും ചേർന്നാണ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്. സ്‌റ്റേജ് നിർമിച്ചത് അപകടകരമായാണെന്ന് റിപ്പോർട്ടിൽ പറയുന്നു. വിഐപി സ്‌റ്റേജിനടുത്ത് ആംബുലൻസ് ഇല്ലാതിരുന്നത് അടിയന്തര വൈദ്യസഹായം വൈകിപ്പിച്ചു. സ്വർണനാണയങ്ങൾ വാഗ്ദാനം ചെയ്താണ് പരിപാടിയിൽ നർത്തകരെ കണ്ടെത്തിയത്. ബുക്ക് മൈ ഷോ വഴിയാണ് കാണികൾക്ക് ടിക്കറ്റ് വിറ്റതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അതേസമയം, ഉമാ തോമസ് എം.എൽ.എ.യുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് ഡോക്ടർമാർ അറിയിച്ചു. മകൻ കയറി കണ്ടപ്പോൾ എംഎൽഎ കണ്ണ് തുറന്നതായും കൈകാലുകൾ അനക്കിയതായും ഡോക്ടർമാർ വ്യക്തമാക്കി. മകൻ വിളിച്ചപ്പോൾ കണ്ണു തുറക്കാൻ ശ്രമിച്ചു. ചികിത്സയിൽ പുരോഗതിയുണ്ടെന്നും ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. നിലവിൽ ശ്വാസകോശത്തിന് ഗുരുതര പരിക്കേറ്റ ഉമ ഇപ്പോഴും പാലാരിവട്ടം റിനൈ മെഡി സിറ്റിയിൽ വെന്റിലേറ്ററിലാണ്.
ഗിന്നസ് ലോക റെക്കോഡ് ലക്ഷ്യമിട്ട് കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മെഗാ ഭരതനാട്യം പരിപാടിയുടെ 15 അടി ഉയരമുള്ള ഉദ്ഘാടന വേദിയിൽനിന്നു വീണാണ് ഉമാ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരിക്കേൽക്കുന്നത്. പരിപാടി തുടങ്ങുന്നതിനു മുൻപ് ഞായറാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു അപകടം
Discussion about this post