തിരുവനന്തപുരം: ശ്രീനാരായണ ഗുരു സനാധനധർമ്മത്തിന്റെ വക്താവല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യന്റെ ജാതി മനുഷ്യത്വമെന്നതാണ് ഗുരുവിന്റെ സന്ദേശമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മനുഷ്യത്വത്തിന്റെ വിശ്വദർശനമാണ് ഗുരു ഉയർത്തിപ്പിടിച്ചത്. സാമൂഹിക പരിഷ്‌കർത്താവായ ഗുരുവിനെ മതനേതാവാക്കാൻ നടത്തുന്ന ശ്രമങ്ങളെ തിരിച്ചറിയണം. സനാതന ധർമത്തിലൂടെ സ്ഥാപിക്കാൻ ശ്രമിക്കുന്നത് ബ്രാഹ്‌മണാധിപത്യത്തിന്റെ രാജവാഴ്ചയാണ്. ജനാധിപത്യം അലർജിയാണെന്നതിന് മറ്റെന്ത് തെളിവാണ് വേണ്ടെന്നും മുഖ്യമന്ത്രി ചോദിച്ചു
സാമൂഹിക പരിഷ്‌കർത്താവായിരുന്ന ശ്രീ നാരായണഗുരുവിനെ കേവലം ഒരു മത നേതാവായി കാണിക്കാനുള്ള ശ്രമങ്ങളെ തിരിച്ചറിയണം. ഗുരുവിനു മതമില്ല എന്നു മനസ്സിലാക്കണം. ഗുരുവിനു ജാതിയില്ല എന്നു മനസ്സിലാക്കണം. ലോകത്ത് മനുഷ്യരായിപ്പിറന്ന മുഴുവനാളുകൾക്കും എല്ലാ കാലവും ഗുരുവായിരിക്കേണ്ട ഒരു മഹാവ്യക്തിത്വത്തെ നമ്മുടെ പരിമിതമായ കാഴ്ചവട്ടത്തിനുള്ളിലെ ഒരു ജാതിയിലോ മതത്തിലോ ആയി തളച്ചിടുന്നതു ശരിയാണോ എന്ന് ചിന്തിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
. ജാതിഭേദവും മതദ്വേഷവുമില്ലാത്ത ഒരു കേരളത്തെയാണ് ശ്രീനാരായണഗുരു സ്വപ്നം കണ്ടത്. സഹോദരങ്ങളായി എല്ലാവരും പാർക്കുന്ന മാതൃകാസ്ഥാനമായാണ് അദ്ദേഹം നാടിനെ സങ്കൽപ്പിച്ചത്. അത് സാക്ഷാൽക്കരിക്കാനുള്ള ശ്രമങ്ങളെ ദുർബലപ്പെടുത്താനുള്ള നീക്കം ഒരു ഭാഗത്തുനിന്നും ഉണ്ടായിക്കൂടാ. അങ്ങനെയുണ്ടായാൽ അതിനെ ചെറുത്തുതോൽപ്പിക്കുമെന്ന ദൃഢപ്രതിജ്ഞയോടെ വേണം ഇവിടെയെത്തുന്ന ഓരോ തീർത്ഥാടകനും മടങ്ങാനെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post