കോഴിക്കോട്: ട്രെയിൻ യാത്രയ്ക്കിടെ കാണാതെ ആയ മലയാളി സൈനികനെ കണ്ടെത്തി. കോഴിക്കോട് എരഞ്ഞിക്കൽ സ്വദേശിയായ വിഷ്ണുവിനെയാണ് കണ്ടെത്തിയത്. ഇന്നലെ രാത്രി ബംഗളൂരുവിൽ നിന്നാണ് അദ്ദേഹത്തെ കണ്ടെത്തിയത് എന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ മാസം 17 ന് ആയിരുന്നു വിഷ്ണുവിനെ കാണാതെ ആയത്.
സാമ്പത്തിക പ്രയാസം ഉണ്ടായിരുന്നുവെന്നും, ഇതേ തുടർന്ന് മാറി നിന്നതാണെന്നുമാണ് വിഷ്ണു പറയുന്നത്. പരാതിയ്ക്ക പിന്നാലെ കേസ് എടുത്ത എലത്തൂർ പോലീസ് വിഷ്ണുവിന്റെ സുഹൃത്തുക്കളിൽ നിന്നും വിവരങ്ങൾ തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് ബംഗളൂരുവിൽ എത്തുകയായിരുന്നു.
പൂനെ ആർമി സ്‌പോർട്‌സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും അവധിക്ക് നാട്ടിലേക്ക് വരികയായിരുന്നു വിഷ്ണു. ഇതിനിടെയാണ് കാണാതെ ആയത്. ട്രെയിനിൽ യാത്ര പുറപ്പെട്ട വിഷ്ണു കണ്ണൂർ എത്തിയപ്പോൾ ബന്ധുക്കളെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. എന്നാൽ പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആകുകയായിരുന്നു. കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ വിഷ്ണുവിനായി ബന്ധുക്കൾ കാത്ത് നിന്നെങ്കിലും അവിടെ കണ്ടില്ല. ഇതോടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. വിവരം അറിഞ്ഞതിനെ തുടർന്ന് സൈന്യവും വിഷ്ണുവിനായി അന്വേഷണം ആരംഭിച്ചിരുന്നു.
Discussion about this post