ഏതൊരു മനുഷ്യന്റെയും ദിനചര്യയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കുളി. പ്രത്യേകിച്ച് മലയാളികൾക്ക് കുളിക്കാത്ത ഒരു ദിവസം ചിന്തിക്കാൻ പോലും കഴിയില്ല. ചിലരാണെങ്കിൽ പ്രത്യേകിച്ച് ചൂട് കാലത്തെല്ലാം ഒരു ദിവസം രണ്ടും മൂന്നും തവണ കുളിക്കുന്നവരാകും…. അത്രക്കേറെയുണ്ട് മലയാളികളും കുളിയും തമ്മിലുള്ള ബന്ധം.
എന്നാൽ മലയാളികളാണ് ഏറ്റവും കൂടുതൽ കുളിക്കുന്നത് എന്ന വിശ്വാസം തെറ്റാണ്. കുളിയുടെ കാര്യത്തിൽ മലയാളികളെയും കൂടി പിന്നിലാക്കി മുന്നോട്ട് കുതിക്കുകയാണ് ബ്രസീൽ. ലോകത്തിൽ വച്ച് ഏറ്റവും കൂടുതൽ കുളിക്കുന്നത് ബ്രസീലുകാരാണെന്നാണ് റിപ്പോർട്ട്. അടുത്തിടെ നടന്ന ഒരു ഗവേഷണത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്.
ബ്രസീലുകാർ ഒരു ആഴ്ചയിൽ ശരാശരി 14 തവണയെങ്കിലും കുളിക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. കുളിക്കണക്കിലെ ആഗോളശരാശരി അഞ്ച് മാത്രമാണെന്നിരിക്കെതയാണ് ബ്രസീലുകാർ ആഴ്ചയിൽ 14 തവണയെങ്കിലും കുളിക്കുന്നത്.
എന്നാൽ, ഇതിൽ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു കാര്യം ഇവർ ഇത്രയുമേറെ തവണ കുളിക്കുന്നത് ഒരിക്കലും വൃത്തി കൂടിയതുകൊണ്ടല്ല. പകരം, ബ്രസീലിലെ കാലാവസ്ഥയാണ് ഇവരുടെ കുളിയുടെ കാരണം. പലപ്പോഴും കടുത്ത ചൂടാണ് ഇവിടെ. രാജ്യത്തെ ശരാശരി താപനില 24.6 ഡിഗ്രി സെൽഷ്യസ് ആണ്. വർഷത്തിൽ മിക്ക സമയത്തും ഈ നിലയിലുള്ള ചൂട് ആയിരിക്കും ഇവിടെ അനുഭവപ്പെടുക. അതുകൊണ്ട് തന്നെ ബ്രസീലിൽ 99 ശതമാനവും കുളിക്കുന്നു. 10.3 മിനിറ്റാണ് ഒരു ബ്രസീലുകാരൻ കുളിക്കാനെടുക്കുന്ന സമയം.
ജർമൻകാരിൽ 92 ശതമാനം പേർ മാത്രമാണ് കുളിക്കുന്നതെങ്കിൽ, അമേരിക്കയിൽ 90 ശതമാനം പേരാണ് കുളിക്കുന്നത്. ചൈനയിൽ 85 ശതമാനം, ബ്രിട്ടനിൽ 83 ശതമാനം, എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ കുളിക്കണക്ക്. അമേരിക്കക്കാർ 9.9 മനിറ്റാണ് കുളിക്കാനായി എടുക്കുന്ന സമയമെങ്കിൽ ബ്രിട്ടീഷുകാർ 9.6 മിനിറ്റാണ് കുളിക്കാനായി എടുക്കുന്നത്.
Discussion about this post