വയസ് പതിനാല്..താൻ പോലും അറിയാതെ മലമൂത്രവിസർജ്ജനം നടന്ന് പോകുക,ഇത് തടയാനായി ദിവസവും മാറിധരിക്കേണ്ടി വരുന്നത് നാലും അഞ്ചും ഡയപ്പറുകൾ. സാക്രൽ എജെനെസിസ് എന്ന അപൂർവ്വ രോഗാവസ്ഥയുമായി പൊരുതിയിരുന്ന പെൺകുട്ടിയ്ക്ക് ഇനി സാധാരണജീവിതം നയിക്കാം. സ്‌കൂൾ ആരോഗ്യപരിശോധനയ്ക്കിടെയാണ് പെൺകുട്ടിയുടെ അവസ്ഥ തിരിച്ചറിയുന്നത്. ലക്ഷങ്ങൾ ചെലവ് വരുന്ന ഒരു ശസ്ത്രക്രിയയിലൂടെ കോട്ടയം മെഡിക്കൽ കോളേജിൽ വച്ച് കുട്ടിയ്ക്ക് ഡോക്ടർമാർ പുതുജീവിതം നൽകുകയായിരുന്നു. ഈ സന്തോഷവാർത്ത മന്ത്രി വീണ ജോർജ്ജും ഫേസ്ബുക്കിലൂടെ പങ്കുവച്ചിരുന്നു. ഇതാണിപ്പോൾ ചർച്ചയാകുന്നത്.
കുറിപ്പ്
ഇന്ന് ആ മകളുടെ പുഞ്ചിരി കണ്ടപ്പോൾ സന്തോഷം തോന്നി. ആരോഗ്യ പ്രവർത്തകരുടെ കൃത്യമായ ഇടപെടലുകളിലൂടെയാണ് ആ 14 വയസുകാരിയ്ക്ക് സാധാരണ ജീവിതം ലഭിച്ചത്. സ്‌കൂൾ ആരോഗ്യ പരിശോധനയ്ക്കിടെയാണ് ആർബിഎസ്‌കെ നഴ്സ് ലീനാ തോമസ് അവളുടെ അവസ്ഥ കണ്ടെത്തിയത്. അറിയാതെ മലവും മൂത്രവും പോകുന്നത് മൂലം ദിവസവും അഞ്ചും ആറും ഡയപ്പറുകളാണ് മാറിമാറി അവൾ ധരിക്കേണ്ടിയിരുന്നത്. സാക്രൽ എജെനെസിസ് (Sacral Agenesis) കാരണമാണ് അറിയാതെ മലവും മൂത്രവും പോകുന്ന അവസ്ഥ ഉണ്ടായിരുന്നത്. ലക്ഷങ്ങൾ ചെലവുവരുന്ന സങ്കീർണ ശസ്ത്രക്രിയ നടത്തിയാൽ ഈ മകൾക്ക് സാധാരണ ജീവിതം നയിക്കാനാകുമെന്ന് പരിശോധനയ്ക്ക് ശേഷം ഡോക്ടർമാർ വിലയിരുത്തി. കോട്ടയം മെഡിക്കൽ കോളേജിൽ ഈ ശസ്ത്രകിയ വിജയകരമായി നടത്തി. സ്വകാര്യ ആശുപത്രികളിൽ 5 ലക്ഷത്തോളം ചെലവ് വരുന്ന ശസ്ത്രക്രിയ സർക്കാർ പദ്ധതികളിലൂടെ സൗജന്യമായാണ് നടത്തിയത്.
ആർ.ബി.എസ്.കെ. നഴ്സ് ലീനാ തോമസ്, ആർ.ബി.എസ്.കെ. കോ-ഓർഡിനേറ്റർ ഷേർളി സെബാസ്റ്റ്യൻ, ആശാ പ്രവർത്തക ഗീതാമ്മ, ഡി.ഇ.ഐ.സി. മാനേജർ അരുൺകുമാർ, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ്, കോട്ടയം മെഡിക്കൽ കോളേജിലെ ടീം തുടങ്ങിയ മുഴുവൻ പേരേയും അഭിനന്ദിക്കുന്നു. ഇതിന് നേതൃത്വം നൽകിയ സ്റ്റേറ്റ് നോഡൽ ഓഫീസർ ഡോ. രാഹുൽ ഇന്ന് ഈ കുട്ടിയെ സന്ദർശിച്ചു. അപ്പോഴാണ് വീഡിയോ കോളിലൂടെ ആ മകളുമായി സംസാരിച്ചത്.
സ്‌കൂൾ ആരോഗ്യ പരിപാടി നമ്മുടെ സംസ്ഥാനത്തെ ആരോഗ്യ സംരക്ഷണ പരിപാടികളിൽ പ്രധാനപ്പെട്ട ഒന്നാണ്. അതിന് സവിശേഷ പ്രാധാന്യം നൽകിയുള്ള പ്രവർത്തനങ്ങളാണ് ഈ കാലഘട്ടത്തിൽ സംസ്ഥാന സർക്കാർ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നത്. ജനകീയ പങ്കാളിത്തത്തോടെയും വിപുലമായ പ്രവർത്തനങ്ങളോടെയുമുള്ള സ്‌കൂൾ ആരോഗ്യ പരിപാടിയുടെ ഔപചാരിക സംസ്ഥാനതല ഉദ്ഘാടനം വൈകാതെ നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്.
Discussion about this post