ഡിജിറ്റൽ യുഗമാണിത്. സ്മാർട്ട്‌ഫോൺ യുഗത്തിൽ നിന്നും എഐ യുഗത്തിലേക്ക് ലോകം കാലെടുത്തു വച്ചുകഴിഞ്ഞു. എന്തിനും ഏതിനും ടെക്‌നോളജി ആവശ്യമായതിനാൽ ഇവയിൽ നിന്നൊന്നും കുട്ടികളെ അകറ്റി നിർത്താൻ സാധിക്കില്ലയ ഗാഡ്ജറ്റുകളും മറ്റും ഉപയോഗിച്ച്കണ്ട് പരിചയിച്ചുവേണം കുട്ടികളും വളരാൻ. വളരെ ചെറിയ കുട്ടികൾ പോലും മുതിർന്നവരെക്കാൾ എളുപ്പത്തിൽ മൊബൈൽ, ടാബ് തുടങ്ങിയ ഗാഡ്ജറ്റുകളെയും ഓൺലൈൻ ലോകത്തെയും പരിചയപ്പെടുന്നു. ഒരു ഭാഗത്ത് ഡിജിറ്റൽ ലോകം വരുംതലമുറകൾക്ക് മുമ്പിൽ നന്നേ ചെറുപ്പം മുതൽക്കേ അപാരമായ സാധ്യതകൾ തുറന്നിടുമ്പോൾ, മറുഭാഗത്ത് പലതരം സൈബർ ഭീഷണികളും ചതിക്കുഴികളും ഡിജിറ്റൽ ലോകത്ത് കുട്ടികളെ കാത്തിരിക്കുന്നു.
കുട്ടികളുടെ സാമൂഹിക ഇടപെടൽ, മുതിർന്നവരോടുള്ള പെരുമാറ്റം, സമപ്രായക്കാരോടുള്ള ഇടപഴകൽ ഇതിനെയെല്ലാം തകിടം മറിക്കുന്ന അപകടകരമായ സാഹചര്യമാണ് മൊബൈൽ ഉപയോഗം കൊണ്ടെത്തിച്ചിരിക്കുന്നത്. മാതാപിതാക്കളുടെ മനസമാധാനമാണ് ഇപ്പോൾ നഷ്ടപ്പെടുന്നത്.ഏറ്റവും പുതിയ പഠനങ്ങളും ചില രക്ഷിതാക്കളുടെ അനുഭവങ്ങളും വിരൽ ചൂണ്ടുന്നത് മൊബൈൽ ഉപയോഗം രാസ ലഹരി ഉപയോഗത്തേക്കാൾ അപകടകരമാണെന്നാണ്. കുട്ടിയുടെ സ്വഭാവ രൂപീകരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വലിയ സ്വാധീനം ചെലുത്താൻ മൊബൈൽ ഫോൺ ഉപയോഗത്തിന് കഴിയും.
മാതാപിതാക്കൾ മൊബൈൽ ഫോൺ നൽകാത്തതിനും ഉപയോഗം നിയന്ത്രിച്ചതിനും കുട്ടികൾ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതും ഉയർന്ന വിദ്യാഭ്യാസമുള്ള മാതാപിതാക്കളുള്ള കേരളത്തിലാണ്. കുട്ടികളിലെ ഡിജിറ്റൽ അഡിക്ഷനും അതേ തുടർന്നുള്ള മാനസിക പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി സംസ്ഥാന പൊലീസിന്റെ സോഷ്യൽ പൊലീസിങ് ഡിവിഷന് കീഴിൽ ആരംഭിച്ച ഡിജിറ്റൽ ഡി-അഡിക്ഷൻ സെന്ററിൽ(ഡിഡാഡ്) എത്തുന്നത് നിരവധി കേസുകളാണ്.ലഹരിക്കടിപ്പെട്ടവർ അതു കിട്ടാതാകുമ്പോൾ കാട്ടിക്കൂട്ടാറുള്ള ഭ്രാന്തമായ അതിക്രമങ്ങൾക്കു സമാനമായ സാഹചര്യമാണു മൊബൈൽ അഡിക്ഷനുള്ള കുട്ടികളും സൃഷ്ടിക്കുന്നതെന്നാണ് ഡി-ഡാഡിലെ ഉദ്യോഗസ്ഥർ പറയുന്നത്. ദിവസത്തിൽ 12 മണിക്കൂർ വരെയാണ് മൊബൈൽ ഫോൺ ഉപയോഗം. 15-17 വയസ് വരെയുള്ള കുട്ടികളാണ് ഇതിലധികവും.
സ്മാർട്ട്‌ഫോൺ ഉപയോഗത്തിൽ മുന്നിലുള്ളത് ആൺകുട്ടികളാണ്. പ്രധാനമായും മൊബൈൽ ഗെയിമുകൾക്കാണ് ഇവർ അടിമപ്പെടുന്നത്. പെൺകുട്ടികൾ കൂടുതൽ സമയം ചെലവഴിക്കുന്നതാകട്ടെ സോഷ്യൽ മീഡിയ ഉപയോഗത്തിനും. പണം ഉപയോഗിച്ച് കളിക്കേണ്ട ഗെയിമുകളിലേക്ക് ചെന്ന് പെടുന്ന കുട്ടികളുടെ എണ്ണവും വർദ്ധിച്ചു. ഇതിന് പണം കിട്ടാതെ വരുന്നതോടെ വീട്ടിൽ നിന്ന് മോഷണം നടത്തുകയും സാധനങ്ങൾ വിറ്റ് പണം കണ്ടെത്തുകയും ചെയ്യുന്നത് സാധാരണമായി മാറിക്കഴിഞ്ഞു.സമൂഹമാദ്ധ്യമ ഹാൻഡിലുകൾ അമിതമായി ഉപയോഗിക്കുന്ന പെൺകുട്ടികളാകട്ടെ പ്രണയ കെണിയിൽ വീഴുന്നതാണ് സംഭവിക്കുന്നത്. പലപ്പോഴും ഒന്നിലധികം പ്രണയബന്ധങ്ങൾ ഇവർക്ക് ഉണ്ടാകുകയും ചെയ്യുന്നു. പ്രണയബന്ധം ശാരീരിക ചൂഷണങ്ങളിലേക്ക് എത്തിക്കഴിഞ്ഞ ശേഷമായിരിക്കും പലപ്പോഴും രക്ഷിതാക്കൾ പോലും അറിയുന്നത്.
പരിഹാരങ്ങൾ
കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും നിയന്ത്രിക്കാനും രക്ഷാകർത്താക്കൾക്ക് കഴിയും. ഗൂഗിൾ ഫാമിലി ലിങ്ക്, ആപ്പിളിന്റെ സ്‌ക്രീൻ സമയം എന്നിവ പോലുള്ള ടൂളുകൾ സ്‌ക്രീൻ സമയ പരിധികൾ സജ്ജീകരിക്കാനും അനുയോജ്യമല്ലാത്ത ഉള്ളടക്കം ബ്ലോക്ക് ചെയ്യാനും രക്ഷിതാക്കളെ അനുവദിക്കുന്നു. ഓൺലൈൻ സുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ച് രക്ഷിതാക്കൾ കുട്ടികളെ പഠിപ്പിക്കണം. വ്യക്തിപരമായ വിവരങ്ങൾ പങ്കിടാതിരിക്കുക, സംശയാസ്പദമായ പെരുമാറ്റം തിരിച്ചറിയുക തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്നത് കുട്ടികളെ സുരക്ഷിതമായി ഇന്റർനെറ്റ് ഉപയോഗിക്കാൻ പ്രാപ്തരാക്കും.
Discussion about this post